തെന്മല : തെന്മല ഫോറസ്റ്റ് ഡിവിഷനിലെ അമ്പനാട് അരണ്ടൽ എസ്റ്റേറ്റിന് സമീപത്തെ തോട്ടിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി വനപാലകരുടെ സംരക്ഷണയിൽ തുടരുന്നു. പരിക്കേറ്റ ആനക്കുട്ടിയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ല. രാത്രിയും പകലും രണ്ട് ഗ്രൂപ്പുകളായി കുട്ടിയാനയുടെ സംരക്ഷണത്തിനായി വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയുന്നുണ്ട്. പുലിയുടെ ശല്യമുള്ളതിനാൽ കുട്ടിയാനയെ ഒറ്റയ്ക്കു വിടാൻ കഴിയാത്ത സാഹചര്യമാണ്.
ഒരുമാസം മാത്രം പ്രായമുള്ളതിനാൽ കരിക്കിൻവെള്ളവും ലാക്ടോജനുമാണ് കുടിക്കാൻ നൽകുന്നത്. ആനക്കുട്ടി വനപാലകരുമായി ഇണങ്ങുന്നുണ്ട്. അമ്മ എത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥലത്തുതന്നെ അധികൃതർ തുടരുന്നത്. എന്നാൽ, ചൊവ്വാഴ്ചയും എത്താത്തതിനെത്തുടർന്ന് ഒരുസംഘം വനപാലകർ ആനക്കൂട്ടം സഞ്ചരിച്ച വഴിയിൽ അന്വേഷണം നടത്തുകയാണ്. കണ്ടെത്തിയാൽ ആകർഷിച്ച് കുട്ടിയാനയുടെ അരികിലെത്തിക്കാനാണ് പദ്ധതി. അച്ചൻകോവിൽ, കല്ലാർ റേഞ്ച് ഓഫീസർമാരായ സുരേഷ് ബാബു, അരുൺ തുടങ്ങിവർ സ്ഥലത്ത് ക്യാമ്പ് ചെയുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസവും അമ്പനാട് ഭാഗത്ത് തേയിലത്തോട്ടത്തിനു സമീപം കാട്ടാനക്കൂട്ടം എത്തിയിരുന്നു.