കൊല്ലം : കോവിഡ് കാലത്തെ കടുത്ത പ്രതിസന്ധി മറികടക്കാനാകാതെ ലൈറ്റ് ആൻഡ് സൗണ്ട്‌സ് സ്ഥാപന ഉടമകൾ. കടങ്ങൾ വീട്ടാനാകാത്തതിനാലും സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാലും സംസ്ഥാനത്ത് എട്ട് സ്ഥാപന ഉടമകളാണ് അടുത്തിടെ ആത്മഹത്യ ചെയ്തത്.

കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാണ് മേഖലയെ തകർത്തത്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെ മിക്കവരും ശബ്ദ-വെളിച്ച സംവിധാനങ്ങളെ ആശ്രയിക്കാതായി. പൊതുപരിപാടികൾ തീരെ കുറഞ്ഞതും സ്ഥാപന ഉടമകളെ വലച്ചു.

ഉത്സവങ്ങളും ഓണവുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് സ്ഥാപന ഉടമകൾ കണ്ടത്. എന്നാൽ അതും പാഴായി. കടമെടുത്തുംമറ്റും വാങ്ങിയ ഉപകരണങ്ങൾ നശിക്കാൻ തുടങ്ങിയതോടെ ചിലർ കിട്ടിയവിലയ്ക്ക് അവ വിറ്റു. കേടായ മൈക്കുംമറ്റും നന്നാക്കാനും നല്ല തുക ചെലവായി. കടകളുടെ വാടക കൊടുക്കാൻപോലും നിവൃത്തിയില്ലാതായതോടെ ചില സ്ഥാപന ഉടമകൾ കൂലിപ്പണിക്ക് പോയിത്തുടങ്ങി.

സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആത്മഹത്യാസമരവും റിലേ നിരാഹാരസത്യാഗ്രഹവുമടക്കം നിരവധി സമരങ്ങൾ നടന്നു. നിവേദനങ്ങളുമായി മന്ത്രിമാരെ പലതവണ കണ്ടു. എന്നാൽ നടപടികൾ വൈകുന്നതുമൂലം ലക്ഷങ്ങളുടെ സാമ്പത്തികബാധ്യത സ്ഥാപന ഉടമകൾക്കുണ്ടായി.

മാസങ്ങൾക്കിടെ തിരഞ്ഞെടുപ്പുകാലത്ത് നിയന്ത്രണങ്ങളിൽ ഇളവുലഭിച്ചത് മേഖലയ്ക്ക് ആശ്വാസമായി. ആഴ്ചകളോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബൂത്തുകളിലും മൈക്കുകളും ലൈറ്റുകളും ഉപയോഗിക്കാനായി. എന്നാൽ തുടർന്നുള്ള മാസങ്ങളിലെല്ലാം കടകൾ അടഞ്ഞുകിടന്നതിനാൽ പ്രതിസന്ധി കടുക്കുകയായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങൾ ഉണ്ടായില്ലെങ്കിൽ കരകയറാൻ പ്രയാസമാണെന്ന് തൊഴിലാളികൾ പറയുന്നു.

നില പരിതാപകരം

കോവിഡ് കാരണമുണ്ടായ പ്രതിസന്ധി ഏറ്റവുംകൂടുതൽ ബാധിച്ച മേഖലയാണിത്. സ്ഥാപന ഉടമകളും അവരെ ആശ്രയിച്ചിരുന്ന തൊഴിലാളികളും സാമ്പത്തികപ്രയാസത്താൽ ആത്മഹത്യയുടെ വക്കിലാണ്.

കല്യാണി സന്തോഷ്,

Content Highlight: covid restrictions: 8 suicide in light and sound industry