കൊല്ലം : “ഭർത്താവ് കാൻസർ ബാധിച്ച് മരിച്ചു. മകനെയും മകളെയും പോറ്റാൻ ജോലി തേടിയാണ് ആലുവയ്ക്ക് പോയത്. അവിടെ 350 രൂപ ദിവസശമ്പളത്തിൽ പാത്രം കഴുകിയാണ് ഞാൻ ജീവിക്കുന്നത്. 5,500 രൂപ വാടക കൊടുക്കണം. ബാക്കികിട്ടുന്ന തുകകൊണ്ട് ജീവിതം തള്ളിനീക്കുമ്പോൾ ആകെ ഒരു ആശ്വാസം ഈ കുഞ്ഞിന്റെ കളിയും ചിരിയുമായിരുന്നു”-നാണയം ഉള്ളിൽച്ചെന്നതിനെ തുടർന്ന് മരിച്ച മൂന്നുവയസ്സുകാരൻ പൃഥ്വിരാജിന്റെ അമ്മൂമ്മ യശോദ വിങ്ങിപൊട്ടി.
''ശനിയാഴ്ച പത്തുമണിക്ക് അവൻ അമ്മയ്ക്ക് കഞ്ഞിവാരിക്കൊടുത്തുകൊണ്ടിരിക്കെയാണ് കൈയിൽ നാണയം എടുത്ത് കളിച്ചതും വായിലിട്ടതും. തുപ്പുകയും ചെയ്തു. പക്ഷേ ഒരെണ്ണം വിഴുങ്ങിയെന്ന് തോന്നിയതായി മോളെന്നോട് പറഞ്ഞു. അപ്പോൾത്തന്നെ ആലുവ ആശുപത്രിയിലും എത്തിച്ചു.
അവിടെനിന്ന് എക്സ്‌റേ എടുത്തു. കുഴപ്പമില്ല വിസർജ്യത്തോടൊപ്പം പുറത്തുപോകുമെന്നും പറഞ്ഞ് മടക്കിയപ്പോൾ ഞങ്ങൾക്ക് സമാധാനമായില്ല. പുറത്തിരുന്ന് കരയുന്നത് കണ്ടാണ് ഓട്ടോഡ്രൈവർ ബാബുവർഗീസ് സഹായത്തിനെത്തിയത്. അങ്ങനെ കളശ്ശേരി മെഡിക്കൽ കോളേജിലും പിന്നെ വണ്ടാനം മെഡിക്കൽ കോളേജിലും എത്തി. കണ്ടെയ്ൻമെന്റ് സോണിൽനിന്ന് വന്നതിനാൽ അവിടെനിന്ന് തിരിച്ചയയ്ക്കുകയായിരുന്നു.
രാത്രി ഒരുമണിയോടെയാണ് ഞങ്ങൾ വീട്ടിലെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് അവൻ കരഞ്ഞു. എഴുന്നേറ്റ് ചായകൊടുക്കാൻ നോക്കിയപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. അടുത്ത വീട്ടിലെ ദിനിലിനെ വിളിച്ചപ്പോൾ അവൻ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു.
എക്സ്‌റേ നോക്കി ഒരു നാണയമാണെന്നാ പറഞ്ഞത്. പോസ്റ്റ്‌മോർട്ടം ചെയ്തപ്പോ രണ്ട് നാണയം ആണെന്നാ പറയുന്നേ. ഞങ്ങളോട് സ്കാൻ ചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കിൽ നിലത്ത് തുണിയിട്ട് യാചിച്ചെങ്കിലും കാശുണ്ടാക്കി ചെയ്‌തേനേ... ഒരു ദിവസമെങ്കിലും ഞങ്ങളെ ആശുപത്രിയിൽത്തന്നെ നിർത്തിയിരുന്നെങ്കിലും എന്റെ മോൻ രക്ഷപ്പെട്ടേനേ''-യശോദ സങ്കടം താങ്ങാനാകാതെ പറയുന്നു.
യശോദയുടെ മകൾ നന്ദിനിയുടെ മകനാണ് പൃഥ്വിരാജ്. ഇവർ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്. നന്ദിനിയും സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയിരുന്നു. എന്നാൽ ഇപ്പോൾ ജോലിയില്ല. നന്ദിനിയുടെ ഭർത്താവ് രാജു കർണാടകയിലാണ്.
Content Highlights: Child dies after swallowing coin