ചവറ : കെ.എം.എം.എല്ലിന്റെ പ്രവർത്തനം കാരണം മലിനമായ ചിറ്റൂർ പ്രദേശം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ നിവാസികൾ കമ്പനി പടിക്കൽ നടത്തിവരുന്ന സമരത്തിന്റെ രണ്ടാംഘട്ടത്തിൽ കന്നുകലികളുമായി കമ്പനി ഗേറ്റ് ഉപരോധിച്ചു. സമരസമിതിയാണ് പ്രദേശവാസികളുമായെത്തി ഉപരോധിച്ചത്.
ശനിയാഴ്ച പുലർച്ചെ നാലുമുതൽ ഉപരോധം ആരംഭിച്ചു. ഉപരോധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയിൽ ചിറ്റൂർ ജനതയുടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരക്കാർ എൻ.വിജയൻ പിള്ള എം.എൽ.എ.യെ വഴിയിൽ തടഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്തിൽ പൊതുപരിപാടിക്കെത്തിയതായിരുന്നു എം.എൽ.എ.
സമരവുമായി ബന്ധപ്പെട്ട് 30-നകം ചർച്ചയ്ക്കു വിളിക്കാമെന്ന എം.എൽ.എ.യുടെ ഉറപ്പിലാണ് പ്രതിഷേധക്കാർ പിൻമാറിയത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. ഉപരോധസമരം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. കോലത്ത് വേണുഗോപാൽ, സി.പി.സുധീഷ്കുമാർ, സന്തോഷ് തുപ്പാശ്ശേരി, എസ്.ലാലു, രാഗേഷ് നിർമൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്കിൽ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.അരുൺരാജ് കരിങ്കൊടി കാണിച്ചു.