ചവറ : ശങ്കരമംഗലത്തിന് പടിഞ്ഞാറോട്ട് രാമേഴ്ത്ത്, പുളിമൂട് ഞാറയ്ക്കാട്ട് ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ നൂറുമീറ്റർ ഭാഗം ആർക്കും വേണ്ടാതെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിക്കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചവറ, പന്മന പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന റോഡിന്റെ നിർമാണം ആര് നടത്തുമെന്ന തർക്കംമൂലമാണ് നവീകരണം നീളുന്നതെന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

മഴക്കാലമായാൽ വെള്ളം കെട്ടിനിന്ന് റോഡും കുഴിയും തിരിച്ചറിയാൻ പറ്റാതെ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ചെറുശ്ശേരിഭാഗം, പുത്തൻകോവിൽ, കുളങ്ങരഭാഗം എന്നിവിടങ്ങളിൽനിന്ന് പ്രധാന ജങ്‌ഷനായ ശങ്കരമംഗലത്തും കാമൻകുളങ്ങര മഹാദേവക്ഷേത്രത്തിലും എത്താനുള്ള പ്രധാന റോഡാണിത്. രാത്രിയിൽ ഇരുചക്രവാഹനത്തിൽ വരുന്നവർ പലപ്പോഴും മെറ്റലിളകിയുണ്ടായ കുഴികളിൽ വീഴുന്നത് പതിവാണ്.

ചവറ പഞ്ചായത്തിലെ വാർഡായ ചെറുശ്ശേരിഭാഗവും പന്മന പഞ്ചായത്തിലെ മേക്കാട് വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ അപ്പുറവും ഇപ്പുറവും നവീകരണം നടത്തി യാത്രക്കാർക്ക് സുഗമമായി പോകാൻ പറ്റുന്ന തരത്തിലാക്കിയിട്ടുണ്ടെങ്കിലും ഇവിടെ എത്തുമ്പോൾ യാത്ര ദുസ്സഹമാണ്.