ചവറ : അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽപ്പോയ ആളെ ചവറ പോലീസ് പിടികൂടി. പന്മന ചിറ്റൂർ കലാലയത്തിൽ കുഞ്ഞുമോൻ എന്ന ശ്രീകുമാർ (35) ആണ് പിടിയിലായത്.
പന്മന വടുതല ജങ്‌ഷനിൽ പാവൂർ പടിഞ്ഞാറ്റതിൽ വിനോദിനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഒളിവിൽ കഴിഞ്ഞുവന്ന ശ്രീകുമാറിനെ സി.ഐ. എ.നിസാമുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞവർഷം വടുതലയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ പ്രശ്നമുണ്ടാക്കിയ ശ്രീകുമാർ ഉൾപ്പെടെയുള്ള സംഘത്തെ വിനോദ് തടഞ്ഞു. ഇതിനെ തുടർന്ന് മാരകായുധങ്ങളുമായെത്തിയ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വിനോദിനെ ആക്രമിച്ചു. തടയാനെത്തിയ വിനോദിന്റെ അമ്മയെയും ശ്രീകുമാർ ആക്രമിച്ചു. പന്മന സ്വദേശികളായ സജീവ്, രമേശ്, രതീഷ്, അജി, വിഷ്ണു, അഖിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ ഒളിവിലായിരുന്നു.
കഴിഞ്ഞയാഴ്ച അഖിലിനെ പോലീസ് പിടികൂടി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചിറ്റൂരിലെ കാടുമൂടിയ പ്രദേശത്തുനിന്ന് ശ്രീകുമാറിനെ പിടികൂടുകയായിരുന്നു. എസ്.ഐ. സുഖേഷ്, സി.പി.ഒ.മാരായ അനു, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പൊന്മന കന്നിട്ടക്കടവിലുള്ള ഷിലു എന്നയാളെ കല്ലുകൊണ്ടിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പന്മനയിലുള്ള പ്രശാന്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടയാളാണ് ശ്രീകുമാറെന്ന് പോലീസ് പറഞ്ഞു.