കൊല്ലം : കൊല്ലം നഗരത്തിന്റെ വ്യാപാരചരിത്രത്തിൽ അവിസ്മരണീയ സ്ഥാനമുള്ള കല്ലുപാലം ഓർമയാകുന്നു. 15 മുതൽ പൊളിക്കൽ തുടങ്ങും. ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ഒന്നരവർഷംമുൻപ് പൊളിക്കാൻ കരാർ നൽകിയെങ്കിലും കഴിഞ്ഞ ഏപ്രിലിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചത്. ഓണക്കാലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണ് പൊളിച്ചുനീക്കൽ നീട്ടിയത്. ഉൾനാടൻ ജലഗതാഗതവകുപ്പാണ് നിർവഹണ ഏജൻസി.

ഇതുവഴിയുള്ള ഗതാഗതം 15 മുതൽ നിരോധിക്കും. വാഹനങ്ങൾ പണ്ടകശാല പാലംവഴി പോകണം. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾ അധികസമയം റോഡിൽ പാർക്ക് ചെയ്യാൻ പാടില്ല. ഗതാഗതം നിയന്ത്രിക്കാൻ പാലം നിർമാണത്തിന്റെ കരാറുകാർ ട്രാഫിക് വാർഡൻമാരെ നിയോഗിക്കും.

ഒരുമാസത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കും. പഴയ പാലത്തിന്റെ അവശിഷ്ടങ്ങൾ അപ്പപ്പോൾ നീക്കംചെയ്യും. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. തിരുവനന്തപുരം ആസ്ഥാനമായ ഹെതർ ഇൻഫ്രാസ്ട്രക്ചറിനാണ് നിർമാണച്ചുമതല.

സേതുപാർവതിബായി തിരുവിതാംകൂർ റീജന്റായായിരുന്ന കാലത്താണ് പാർവതി പുത്തനാറിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിച്ച് കൊല്ലം തോട് വെട്ടിയത്. തോട് വന്നതോടെ ഇരുകരകളിലായി മാറിയ ചാമക്കടമുതൽ ലക്ഷ്മിനടവരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാൻ 1820-ലാണ് കല്ലുപാലം നിർമിച്ചതെന്നു പറയുന്നു. കരിങ്കല്ലുകൊണ്ടായിരുന്നു നിർമാണം.

പ്രധാന വ്യാപാരകേന്ദ്രങ്ങളെ വെട്ടിമുറിച്ചുകൊണ്ടാണ് തോട് നിർമിച്ചതെങ്കിലും പിന്നീട് തോടും കല്ലുപാലവും വന്നതോടെ നഗരത്തിലെ വ്യാപാരം മെച്ചപ്പെട്ടു. ഇപ്പോൾ തകർന്നനിലയിലുള്ള കൽപ്പടവുകൾ നിർമിച്ചതും പാലത്തിനൊപ്പമായിരുന്നു. ദൂരദേശങ്ങളിൽനിന്ന് വള്ളങ്ങളിൽ ഇവിടേക്ക് ധാരാളമായി ചരക്ക് കൊണ്ടുവരികയും മറ്റ് ഉത്‌പന്നങ്ങൾ തിരികെ കൊണ്ടുപോവുകയും ചെയ്തിരുന്നു.പാലത്തിന്റെ മധ്യത്തിൽ ഇപ്പോഴും തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശംഖുമുദ്രയുണ്ട്.

പുതിയ പാലത്തിന്റെ നീളം: 25 മീറ്റർ

ജലനിരപ്പിൽനിന്നുള്ള ഉയരം: അഞ്ചുമീറ്റർ

ജലനിരപ്പിനോടു ചേർന്നുള്ള നീളം: 15 മീറ്റർ

പദ്ധതിത്തുക: അഞ്ചുകോടി