പുനലൂർ : മലയോര ഹൈവേയിലെ പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയോട് ചേർന്ന വെട്ടിപ്പുഴയിലെ പാലം പുനർനിർമിക്കില്ല. പാലത്തോട് ചേർന്ന് ജലവിതരണ പൈപ്പുകൾ കടന്നുപോകുന്നതുകൊണ്ടാണ് ഈ തീരുമാനം. പകരം ഇരുവശത്തുമായി നടപ്പാലം നിർമിച്ച് പാലത്തിന്റെ വീതിക്കുറവ് പരിഹരിക്കാനാണ് ശ്രമം.

'കിഫ്ബി' അധികൃതർ ഈ സാധ്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഡ് സുരക്ഷ സംബന്ധിച്ച് 'നാറ്റ്പാക്' നടത്തുന്ന സർവേകൂടി പൂർത്തിയാക്കിയശേഷമാകും അന്തിമ തീരുമാനം.

ജില്ലയിൽ മലയോര ഹൈവേ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ പ്രധാന പാലങ്ങൾ പുനർനിർമിച്ച് വീതികൂട്ടുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കരവാളൂരിലെ കനാൽ പാലവും കുളത്തൂപ്പുഴയിലെ മുപ്പതടി പാലവും മാത്രമേ വീതികൂട്ടിയുള്ളു. ഈ പട്ടികയിൽപ്പെട്ട കരവാളൂർ പിറയ്ക്കൽ പാലവും വെട്ടിപ്പുഴ പാലവും പുനരുദ്ധരിച്ചില്ല. വെട്ടിപ്പുഴ പാലം പുനർനിർമിക്കാത്തത് പുനലൂർ പട്ടണമധ്യത്തിൽ സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

നിലവിൽ പത്തുമീറ്റർ വീതിയേ വെട്ടിപ്പുഴ പാലത്തിനുള്ളൂ. ഇതിൽ ഏഴുമീറ്റർ മാത്രമാണ് വാഹന ഗതാഗതത്തിനുള്ളത്.

ഇതേസമയം അഞ്ചൽ ഭാഗത്തുനിന്നുള്ള റോഡ് പാലത്തോട് ചേർന്ന് 12 മീറ്റർ വീതിയിലാണ് ടാർ ചെയ്തിട്ടുള്ളത്. ഫലത്തിൽ പാലം പട്ടണത്തിന്റെ കുപ്പിക്കഴുത്താകും. എന്നാൽ മലയോര ഹൈവേയിലും വാഹന ഗതാഗതത്തിന് ഉപയോഗിക്കുന്നത് പൊതുവേ ഏഴുമീറ്റർ ആയതിനാൽ വെട്ടിപ്പുഴയിൽ ഗതാഗതത്തിന് പ്രശ്‌നമുണ്ടാകില്ലെന്നാണ് അധികൃതരുടെ വാദം.