അഞ്ചുപേർക്കെതിരേ കേസ്

പത്തനാപുരം : എൽ.ഡി.എഫ്. സർക്കാരിനെതിരേ പത്തനാപുരത്ത് കരിദിനാചരണം നടത്തിയ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും നടന്നു. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് പൊതുസ്ഥലത്ത് പരിപാടി സംഘടിപ്പിച്ചതിന് അഞ്ചുപേർക്കെതിരേ കേസെടുത്തു. സർക്കാരിന്റെ നാലാം വാർഷികദിനത്തിൽ സംഘടിപ്പിച്ച പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

നിയമലംഘനമാണെന്നും അറസ്റ്റ്‌ വരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ജീപ്പിൽ കയറാൻ പറഞ്ഞതിനെ നേതാക്കൾ ചോദ്യംചെയ്തു. നിയമം ലംഘിച്ച് അഞ്ചുപേർ മാത്രമേ പരിപാടിയിൽ പങ്കെടുത്തുള്ളൂവെന്നും മറ്റുള്ളവർ സാമൂഹിക അകലം പാലിച്ച് മാറിനിൽക്കുകയായിരുന്നെന്നും നേതാക്കൾ അറിയിച്ചു. എന്നാൽ, ഏതുരീതിയിലുള്ള കൂടിച്ചേരലുകളും നിയമലംഘനമാണെന്നും കേസെടുക്കുമെന്നും പോലീസ് നിലപാടെടുത്തു. തുടർന്ന് പോലീസുമായി വാക്കേറ്റവും ഉന്തുംതള്ളും നടന്നു. സി.ഐ. രാജീവ് നേതാക്കളുമായി സംസാരിച്ച് നടപടികൾ വിശദീകരിച്ചതോടെ സംഘർഷം അയഞ്ഞു. കോൺഗ്രസ് നേതാക്കളായ സി.ആർ.നജീബ്, സാജുഖാൻ, ജെ.എൽ.നസീർ, എം.ഷേക് പരീത്, പള്ളിത്തോപ്പിൽ ഷിബു, ലത സി.നായർ എന്നിവർ പങ്കെടുത്തു.