ആലപ്പാട് : കടൽത്തീരം കടലെടുക്കുന്ന പ്രതിഭാസം കേരളതീരത്ത് ഏറ്റവും കൂടുതലുള്ളത് ആലപ്പാട് ഗ്രാമത്തിലാണ്. കിലോമീറ്ററുകൾ വ്യാപ്തിയുണ്ടായിരുന്ന തീരം ഇപ്പോൾ റിബൺപോലെ ചുരുങ്ങിയിരിക്കുകയാണ്. കടലേറ്റവും ഖനനവും ആലപ്പാടിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കേരരളതീരത്ത് സുനാമി തിരമാലകൾ ആഞ്ഞടിച്ച് സർവനാശം വരുത്തിയത് ഈ ഗ്രാമത്തേയാണ്.
സർക്കാർ നടത്തുന്നത് വാഗ്ദാനങ്ങളുടെ ആവർത്തനം
തീരസംരക്ഷണത്തിനാണ് സുനാമി പുനർനിർമാണത്തിൽ പ്രഥമ പരിഗണനയെന്നും പുലിമുട്ടിട്ട് തിരം സംരക്ഷിക്കുമെന്നുമാണ് സുനാമി ദുന്തശേഷം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചത്. പുതിയ ആകാശം പുതിയ ഭൂമി എന്നാണ് അന്നത്തെ റവന്യൂമന്ത്രി കെ.എം.മാണി ദുരന്തത്തിൽ തകർന്നുപോയ ആലപ്പാട് ജനതയോട് പ്രഖ്യാപിച്ചതും. പിന്നീട് കേന്ദ്രത്തിലും സംസ്ഥാനത്തും മാറി മാറി വന്ന സർക്കാരുകൾ തീരസംരക്ഷണവും കടലോരനിവാസികളുടെ അലമുറയും കേട്ടതായി ഭാവിച്ചില്ല.
40 കോടിയുടെ പുലിമുട്ട് നിർമാണം പാളിപ്പോയി
40 കോടിയുടെ പുലിമുട്ട് നിർമാണം പാളിപ്പോയി സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിൽ നബാർഡിന്റെ സഹായത്തോടെയുള്ള കേന്ദ്രസർക്കാരിന്റെ 40 കോടിയുടെ പുലിമുട്ട് നിർമാണം പാളിപ്പോയി. സംസ്ഥാന സർക്കാർ െചലവഴിക്കേണ്ട 32 ലക്ഷം രൂപയുടെ സാങ്കേതിക കുരുക്കിലാണ് പദ്ധതി മുടങ്ങിയത്. കടലേറ്റം രൂക്ഷമായ പണിക്കർകടവ്, ചെറിയഴീക്കൽ, കുഴിത്തുറ, സ്രായിക്കാട് എന്നിവിടങ്ങളിൽ പുലിമുട്ടിടാനായിരുന്നു പദ്ധതി. പുലിമുട്ടിന്റെ രൂപകല്പനയ്ക്കുള്ള അംഗീകൃത ഏജൻസി ചെന്നൈ ഐ.ഐ.ടി.യും കൊച്ചിയിലുള്ള സി.ഡബ്ല്യു.സി.ആർ. കമ്പനിയുമാണ്.
സംസ്ഥാന സർക്കാർ ഇതിനായി ഏജൻസിക്ക് കൈമാറാനുള്ള 32 ലക്ഷം രൂപയുടെ ഭരണാനുമതി നൽകാതെ പോയതാണ് പദ്ധതിക്ക് തടസ്സമായത്. പദ്ധതി നടപ്പായിരുന്നെങ്കിൽ തീരദേശത്തെ പ്രതിഷേധം ഒരു പരിധിവരെ ഇല്ലാതാകുമായിരുന്നു. പുലിമുട്ടുകൾ തീരം സംരക്ഷിക്കുമെന്ന് മാത്രമല്ല കരവെപ്പിക്കുകയും ചെയ്യും. സംസ്ഥാന ധനകാര്യമന്ത്രി കടൽഭിത്തി നിർമാണത്തിലും പുലിമുട്ടിടുന്നതിലും താത്‌പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.
മൈനിങ് മേഖലയിൽ ഐ.ആർ.ഇ.യുടെ പുലിമുട്ട് നിർമാണം പരോഗതിയിൽ
ആലപ്പാട്ട് തീരമായ ഐ.ആർ.ഇ.യുടെ വെള്ളനാതുരുത്ത് മൈനിങ് മേഖലയിൽ നാല് പുലിമുട്ടുകളിടാനുള്ള ഐ.ആർ.ഇ.യുടെ പദ്ധതി അവസാനഘട്ടത്തിൽ. എട്ടുകോടി നാൽപ്പതുലക്ഷം രൂപ െചലവഴിച്ചാണ് ഐ.ആർ.ഇ. പുലിമുട്ടിടുന്നത്. ഇതിന്റെ രൂപകല്പന ചെയ്തത് ചെന്നൈ ഐ.ഐ.ടി.യാണ്. 75 മീറ്റർ നീളത്തിൽ വെള്ളനാതുരുത്ത് തെക്കും 45 മീറ്റർ നീളത്തിൽ വെള്ളനാതുരുത്ത് വടക്കും നടുക്ക് 100 മീറ്റർ നീളത്തിലുള്ള പുലിമുട്ട് നിർമാണം പൂർത്തിയായി. നടുക്ക് നിർമിക്കാനുള്ള മറ്റൊരു 75 മീറ്റർ നീളമുള്ള അവസാന പുലിമുട്ടിന്റെ പകുതി പണിയായി. എന്നാൽ ഐ.ആർ.ഇ. തങ്ങളുടെ ഖനനഭൂമി സംരക്ഷിക്കാൻമാത്രമാണ് പുലിമുട്ടിടുന്നതെന്നാണ് ആലപ്പാട് തീരത്തുള്ള ജനതയുടെ ആരോപണം.
കടൽഭിത്തി പുനരുദ്ധാരണ പദ്ധതിയും നടപ്പായില്ല
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നശേഷം ആലപ്പാട്ട് തീരത്ത് നാലിടങ്ങളിൽ അടിയന്തരമായി കടൽഭിത്തി പുനരുദ്ധാരിക്കാനുള്ള നിർമാണ പ്രവർത്തനവും സാങ്കേതികതടസ്സംമൂലം നടപ്പായില്ല. ചെറിയഴീക്കൽ, സി.എഫ്.എ, പണിക്കർകടവ്, പണ്ടാരതുരുത്ത് എന്നിവിടങ്ങളിലായിരുന്നു പദ്ധതിയിട്ടത്. എന്നാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള പ്രോപ്പോസലിൽ ഉൾപ്പെട്ടതിനാൽ സംസ്ഥാന സർക്കാരിന്റെ ബജറ്റ് പരിധിക്കപ്പുറത്തുള്ള തുക വന്നതിനാൽ നടപ്പാക്കാനായില്ല. മുൻഗണനാ ക്രമത്തിൽ പുതിയ നിർദേശം നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
പുലിമുട്ടിട്ട സ്ഥലത്ത് സംരക്ഷണമായി
പത്ത് വർഷത്തിനുമുൻപ് നബാർഡ് സഹായത്തോടെ കെ.സി.വേണുഗോപാൽ മുൻകൈയെടുത്ത് നടപ്പാക്കിയ നാല് പുലിമുട്ടുകൾ തീരത്തിന് സംരക്ഷണമായി നിലകൊള്ളുന്നത് നിവാസികൾക്ക് ആശ്വാസമായി. അഴീക്കലിൽ രണ്ട്, പറയകടവിലും ആലപ്പാട്ടും നിർമിച്ച പുലിമുട്ടുകൾ തീരത്തിനും തീരദേശറോഡിനും സംരക്ഷണമായി. ഇവിടെയും പുലിമുട്ടിന്റെ രൂപകല്പന ചെയ്തത് ചെന്നൈ ഐ.ഐ.ടി.യാണ്.
Content Highlights: Alappad, sea wall building