ആലപ്പാട് : ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ വന്നുപോകുന്ന അഴീക്കൽ ബീച്ചിൽ പോലീസ് സഹായം ഏർപ്പെടുത്തണമെന്നാവശ്യം ഉയർന്നു. സഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം പതിവാണ്.

രാപകലില്ലാതെ വൻതിരക്കാണ് ബീച്ചിൽ. ആലപ്പുഴ, പത്തനംതിട്ട്, കൊല്ലം ജില്ലകളിൽനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. നൂറുകണക്കിന് വാഹനങ്ങളും കടലോരത്ത് പാർക്ക് ചെയ്യുന്നു. വാഹനങ്ങൾക്കുനേരേയുള്ള ആക്രമണത്തിനും കുറവില്ല. കഴിഞ്ഞാഴ്ച നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പോലീസിൽ അറിയിച്ചിട്ടും അവർ വരാൻ കൂട്ടാക്കിയില്ലെന്ന ആക്ഷേപമുണ്ട്. അച്ഛനും അമ്മയും കൊച്ചുകുട്ടികളുമായെത്തുന്നവർ ഏറെയാണ്. ദമ്പതിമാരും ധാരാളമായെത്തുന്നു. പ്രകൃതിരമണീയമാണ് ബീച്ചും പരിസരവും അഴിമുഖവും.

ലഹരിക്കാരുടെ താവളമാണ് ബീച്ചിന്റെ പലകോർണറുകളും. ക്ലാസിൽ കയറാതെ യൂണിഫോമിലെത്തുന്ന സ്കൂൾ-കോളേജ് പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. ഇവരെ വഴിതെറ്റിക്കാനുള്ള സംവിധാനങ്ങളും ബീച്ചിൽ നടക്കുന്നതായി പരാതിയുണ്ട്. കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി രണ്ട് ലൈഫ് ഗാർഡുകളെ ഏർപ്പെടുത്തിയത് പ്രയോജനകരമാണ്.

അക്രമപ്രവർത്തനങ്ങൾ തടയാൻ ഇപ്പോൾ നാട്ടുകാർ ഇറങ്ങാറില്ല. മുൻപ് നാട്ടുകാരെ സദാചാരഗുണ്ടകളായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങൾ പ്രചാരണം നടത്തിയതോടെ പിൻമാറുന്ന സാഹചര്യമുണ്ടായത്. പോലീസിന്റെ സാന്നിദ്ധ്യം മാത്രമാണ് സഞ്ചാരികൾക്ക് ഇപ്പോൾ രക്ഷയായിട്ടുള്ളത്. സായുധ ക്യാമ്പിൽനിന്നെങ്കിലും രണ്ട് സിവിൽ പോലീസുകാരെ ഡ്യൂട്ടിക്കിടണമെന്നാണ് അഴീക്കലിെല ജനപ്രതിനിധികൾ പറയുന്നത്.