കൊട്ടാരക്കര : വലിയ മുതലാളിമാർക്കുവേണ്ടിമാത്രമാണ് മോദിയുടെ ഭരണമെന്നും നോട്ട് നിരോധനവും ജി.എസ്.ടി.യും രാജ്യത്തെ സാമ്പത്തികമായി തകർത്തെന്നും കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്‌ വോട്ടഭ്യർഥിച്ച് കൊട്ടാരക്കരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിൽ കൃഷിയും കച്ചവടവും വ്യവസായവും തകർത്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് അവർ ചെയ്തത്. മോദി സർക്കാർ വേണോ രാഹുൽ സർക്കാർ വേണോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ചോദ്യം.

കേരളത്തിൽ എല്ലാം ശരിയാക്കാമെന്നു പറഞ്ഞവർ ശരിയാക്കിയത് രാഷ്ട്രീയ പ്രതിയോഗികളെ മാത്രമാണ്. മീശകുരുക്കാത്ത പയ്യൻമാരെ കൊഴിയെ കൊല്ലുന്ന ലാഘവത്തോടെ കൊത്തിയരിഞ്ഞു. കേന്ദ്രസർക്കാരും കേരള സർക്കാരും ജനങ്ങളെ മറന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനാപുരത്ത് രാഹുൽഗാന്ധി പങ്കെടുത്ത സമ്മേളനം ഗംഭീരമായിരുന്നു. അത് സംഘടിപ്പിച്ച ഡി.സി.സി. പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ അഭിനന്ദിക്കുന്നതായും എ.കെ.ആന്റണി പറഞ്ഞു.

ബേബി പടിഞ്ഞാറ്റിൻകര അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, എഴുകോൺ നാരായണൻ, പ്രതാവർമ തമ്പാൻ, വാക്കനാട് രാധാകൃഷ്ണൻ, കുളക്കട രാജു, പൊടിയൻ വർഗീസ്, പി.സോമശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: AK Antony in Election Campaign