അഞ്ചാലുംമൂട് : കൊല്ലം ബൈപ്പാസിൽ കാർ ലോറിയുൾപ്പെടെ മൂന്നു വാഹനങ്ങളിലിടിച്ച് തകർന്നു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണംവിട്ട കാറോടിച്ച യുവാവിനൊഴികെ മറ്റുള്ളവർക്കാർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഒൻപതോടെ കടവൂർ ഭാഗത്തായിരുന്നു അപകടം.

തിരുവനന്തപുരംഭാഗത്തുനിന്നു വരികയായിരുന്ന കാർ മറ്റൊരു കാറിലിടിക്കുകയും വള്ളവുമായി വരുകയായിരുന്ന ലോറിയുടെ മുൻവശത്തേക്ക് ഇടിച്ചുകയറുകയുമായിരുന്നെന്നാണു കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷയിലും കാറിടിച്ചു. ഓട്ടോ തലകീഴായി മറിഞ്ഞ് റോഡിനു വശത്തേക്ക് വീണു. കൈക്കുഞ്ഞുൾപ്പെടെ രണ്ടു കുട്ടികൾ ഓട്ടോയിലുണ്ടായിരുന്നെന്നാണ് വിവരം.

പേർക്ക്: ബൈപ്പാസിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു

മുൻവശം പാടേ തകർന്ന കാർ റോഡിനു വശത്ത് താഴ്ചയിലേക്കു വീണു. കാറിൽ വാഹനമോടിച്ചയാളെക്കൂടാതെ മറ്റൊരു യുവാവുമുണ്ടായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ ബൈപ്പാസ് വഴി കടന്നുപോകുകയായിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രികളിലേക്ക് വിട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.അപകടങ്ങളുടെ തുടക്കം കാറിടിച്ചതോടെ