കൊല്ലം : കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യാദാർഢ്യം പ്രഖ്യാപിച്ചു നടന്ന ഹർത്താലിന്‍റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും യോഗവും നടത്തി.

കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ, ജനദ്രോഹ കരിനിയമങ്ങളും ഇന്ധനവിലവർധനയും പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവത്‌കരണം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സംയുക്ത ട്രേഡ്‌ യൂണിയൻ സമരസമിതി ഹർത്താൽ നടത്തിയത്.

ചിന്നക്കടയിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെയും കർഷകസമരസമിതിയുടെയും നേതൃത്വത്തിൽ രാവിലെ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ഹെഡ് പോസ്റ്റ്‌ ഓഫീസിനുമുന്നിൽ ചേർന്ന ഹർത്താൽദിന പ്രതിഷേധയോഗം എ.ഐ.ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് (ഐ.എൻ.ടി.യു.സി.) അധ്യക്ഷത വഹിച്ചു.

സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ ടി.സി.വിജയൻ, സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ, സി.ഐ.ടി.യു.ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ്, ട്രഷറർ എ.എം.ഇക്ബാൽ, എച്ച്.ബേസിൽലാൽ (സി.ഐ.ടി.യു.), കോതേത്ത് ഭാസുരൻ (ഐ.എൻ.ടി.യു.സി.), കുരീപ്പുഴ മോഹനൻ (യു.ടി.യു.സി.), ജി.ലാലു, രാധാകൃഷ്ണൻ (എ.ഐ.ടി.യു.സി.) തുടങ്ങിയവർ സംസാരിച്ചു.