കൊല്ലം : നഗരത്തിലെ തെരുവുനായശല്യത്തിനു പരിഹാരമായി എല്ലാ മൃഗാശുപത്രികളിലും വന്ധ്യംകരണശസ്ത്രക്രിയ നടപ്പാക്കാനൊരുങ്ങി കോർപ്പറേഷൻ.

കോർപ്പറേഷൻ പരിധിയിൽ നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്‌ നടപടി. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി ആരംഭിച്ച എ.ബി.സി. പദ്ധതി കഴിഞ്ഞ ആറുമാസമായി നിലച്ചിരിക്കുകയാണ്. േകാർപ്പറേഷനിലെ സ്ഥലപരിമിതിമൂലമാണ് പദ്ധതി നടപ്പാക്കാൻ കഴിയാതെവന്നത്. പലസ്ഥലങ്ങളും ഇതിനായി തിരഞ്ഞെടുത്തെങ്കിലും പ്രതിഷേധം കാരണം ഉപേക്ഷിക്കേണ്ടിവന്നു.

കോർപ്പറേഷൻ പരിധിയിലെ എല്ലാ ഡിവിഷനുകളിലും തെരുവുനായ്ക്കളുടെ എണ്ണം കൂടി. ഇതോടെയാണ് നഗരത്തിലെ എല്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും വന്ധ്യംകരണ സംവിധാനങ്ങൾ ഒരുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. ചൊവ്വാഴ്ച നടക്കുന്ന കൗൺസിലിൽ അന്തിമതീരുമാനമാകും. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷനിലെ രണ്ടാംകവാടത്തിനു സമീപത്തുവെച്ച് യാത്രക്കാരനും കടിയേറ്റിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നായ്ക്കൾ റോഡുകളിൽ നിറയുകയാണ്. ഇടറോഡുകളിലും സ്ഥിതി ഇതുതന്നെ. ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവുകാഴ്ച.

നഗരപരിധിയിലെ തെരുവുവിളക്കുകൾ െതളിയാത്തതിനാൽ രാത്രിയിൽ ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്കുനേരേയും നായ്ക്കളുടെ അക്രമമുണ്ട്. മുണ്ടയ്ക്കൽ, മങ്ങാട്, ബൈപ്പാസിന് ഇരുവശവും, കാവനാട്, ശക്തികുളങ്ങര, മരുത്തടി, കുരീപ്പുഴ, അഞ്ചാലുംമൂട്, തേവള്ളി, ആശ്രാമം, കടപ്പാക്കട, ചാത്തിനാംകുളം, തിരുമുല്ലവാരം, ബീച്ച് പരിസരം, പോർട്ട്, തങ്കശ്ശേരി, ആണ്ടാമുക്കം, ചിന്നക്കട തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നിരവധിപേർക്ക് നായ്ക്കളുടെ കടിയേറ്റു. നായവന്ധ്യംകരണം നടപ്പാക്കാൻ പലയിടത്തും സ്ഥലം കണ്ടെത്തിയെങ്കിലും കൗൺസിലർമാർ ഉൾപ്പെടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. അതോടെ പദ്ധതിതന്നെ ഉപേക്ഷിച്ചമട്ടായി. നായ്ക്കളുടെ ശല്യം രൂക്ഷമായതോടെയാണ് വീണ്ടും എ.ബി.സി. ആരംഭിക്കാൻ തീരുമാനിച്ചത്. പരിശീലനം നേടിയ ഡോക്ടർമാരുടെയും മറ്റ് വിദഗ്‌ധരുടെയും മേൽനോട്ടത്തിലാകും വെറ്ററിനറി കേന്ദ്രങ്ങളിൽ വന്ധ്യംകരണം നടത്തുക. ഇതിനായുള്ള സജ്ജീകരണങ്ങൾ നടന്നുവരുന്നതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.