കൊട്ടാരക്കര :വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും 'കനിവ് 108' ആംബുലൻസ് തുണയായി. മേലില സ്വദേശി പ്രതീഷിന്റെ ഭാര്യ ശ്രീവിദ്യ(28)ക്കും ആൺകുഞ്ഞിനുമാണ് കനിവ് ആംബുലൻസിലെ ജീവനക്കാർ രക്ഷകരായത്.

ബുധനാഴ്ച രാവിലെ എട്ടോടെ ആയിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ട ശ്രീവിദ്യ(26)യെ ആശുപത്രിയിലേക്കു മാറ്റാൻ വീട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് വീട്ടിൽത്തന്നെ പ്രസവം നടന്നത്. ആശങ്കയിലായ ബന്ധുക്കൾ പെട്ടെന്നുതന്നെ ആംബുലൻസ് സേവനം തേടി.

കൺട്രോൾ റൂമിൽനിന്നു നിർദേശം ലഭിച്ചതിനെത്തുടർന്ന് തൃക്കടവൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലൻസ് മേലിലയിലേക്കു പാഞ്ഞു. ആംബുലൻസ് പൈലറ്റ് എം.ഷിഹാബുദ്ദീൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വി.വിനീഷ് എന്നിവർ ആംബുലൻസുമായി സ്ഥലത്തെത്തി. വിനീഷ് പൊക്കിൾക്കൊടി വേർപെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നൽകി. ഇരുവരെയും താലൂക്കാശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.