കൊട്ടാരക്കര : കൊയ്ത്തിനു പാകമായ എഴുപതേക്കർ നെൽക്കൃഷി മഴവെള്ളംമൂടി നശിച്ചിട്ടും കരീപ്ര ഏലായിൽ സർക്കാർ വക കൊയ്ത്തുയന്ത്രം എത്തിയില്ല. നാളുകൾക്കുമുൻപേ കർഷകർ ആവശ്യപ്പെട്ടിട്ടും യന്ത്രം എത്തിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. ഫലമോ, മാസങ്ങൾനീണ്ട കർഷകരുടെ അധ്വാനം പാഴായി. ഏക്കർകണക്കിനു നിലത്തിലെ നെല്ല് ചെളിയിൽ പുതഞ്ഞുപോയി.

തമിഴ്‌നാട്ടിൽനിന്ന്‌ സ്വകാര്യ കൊയ്ത്തുയന്ത്രമെത്തിച്ച് അവശേഷിക്കുന്ന പാടം കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ് കർഷകർ. ചെളിയും വെള്ളവും മൂടിക്കിടക്കുന്നത് യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിനും പ്രതിസന്ധിയാകുന്നു. എഴുപതോളം കർഷകരടങ്ങിയ പാടശേഖരസമിതിയാണ് തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ കൃഷിയിറക്കുന്നത്.

കരീപ്ര പഞ്ചായത്തിലെ തരിശുരഹിത ഏലായാണ് പാട്ടുപുരയ്ക്കൽ ഏലാ. കനത്ത മഴയിൽ ഏലാത്തോട് മടമുറിഞ്ഞ് വയലിൽ പരന്നൊഴുകിയാണ് കൃഷിനാശമുണ്ടായത്. ഒഴുകിയെത്തിയ മാലിന്യങ്ങളും മണ്ണും കൊയ്ത്തിനു പാകമായ നെൽക്കൃഷിക്കു മേലേ ഒഴുകി. കുപ്പിച്ചില്ലും കക്കൂസ് മാലിന്യങ്ങളുംവരെ പാടത്തു നിറഞ്ഞു. എട്ടേക്കറോളം പാടത്തെ നെല്ല് പൂർണമായി നശിച്ചു. ഏലാത്തോട് ആഴം കൂട്ടി നീരൊഴുക്കിനു പാകമാക്കണമെന്ന് പലതവണ കർഷകർ പഞ്ചായത്തിനോട്‌ ആവശ്യപ്പെട്ടിരുന്നു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കാവുന്ന തോടുശുചീകരണം നടന്നില്ല.

മന്ത്രി കെ.എൻ.ബാലഗോപാലും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നഷ്ടം ബോധ്യപ്പെട്ടിരുന്നു. മഴ തുടരുന്നത് യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്തിനും തടസ്സമാകുന്നു. സർക്കാർ നിരക്കിനേക്കാൾ ഉയർന്ന വാടകയാണ് സ്വകാര്യ കൊയ്ത്തുയന്ത്രത്തിന് നൽകേണ്ടിവരുന്നത്.

കതിരുകൾ വെള്ളംമൂടിക്കിടക്കുന്നതിനാൽ നെന്മണികൾ പൂർണമായി അടരുകയുമില്ല. ഇത് വിളവിൽ വലിയ കുറവിനും കാരണമാകുമെന്ന് കർഷകർ പറയുന്നു.

ഉണ്ടായത് വലിയ നഷ്ടം

യഥാസമയം യന്ത്രം ലഭിക്കാതിരുന്നതും കനത്ത മഴയും വലിയ നഷ്ടമാണ് കർഷകർക്ക് വരുത്തിയത്. 27 ഏക്കറിൽ കൃഷി നടത്തിയ തന്റെ ആറേക്കറോളം പാടത്തെ കൃഷി നശിച്ചു. വായ്പയെടുത്താണ് മിക്ക കർഷകരും കൃഷിയിറക്കിയത്. യന്ത്രം ലഭിക്കാനായി ജില്ലാപഞ്ചായത്ത്‌ അംഗവും കരീപ്ര പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ടിട്ടും ലഭിച്ചില്ല. ചില കണ്ടങ്ങളിൽ ഒന്നുമില്ലാത്തവിധം ചെളിമൂടി. മുൻകാലങ്ങളിൽ ഇല്ലാത്തവിധം ഊരശല്യവും ഇക്കുറി കൃഷിയെ ബാധിച്ചു.

ചന്ദ്രശേഖരൻ പിള്ള

പാടശേഖരസമിതി സെക്രട്ടറി