ചടയമംഗലം : എം.സി.റോഡിന്റെ ഓരത്തുള്ള ചടയമംഗലം ചന്തയ്ക്കുള്ളിലെ പൊതുശൗചാലയം തുറക്കാത്തതിൽ പ്രതിഷേധം. 2005-ൽ അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കരകുളം ബാബു ഉദ്ഘാടനം ചെയ്ത ശൗചാലയമാണ് ആളുകൾക്ക് പ്രയോജനപ്പെടാത്തത്.

എല്ലാവർഷവും പെയിന്റടിച്ച് മനോഹരമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കാറുണ്ട്.

ഒരുവർഷംമുൻപ് വൈദ്യുതി, ജലം എന്നിവയും ലഭ്യമാക്കി. ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, ഗവ. ഹോമിയോ ഡിസ്പെൻസറി, ജലവിഭവ വകുപ്പ് കാര്യാലയം, സബ് ആർ.ടി.ഓഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഭാഗത്താണ് ശൗചാലയമുള്ളത്.

വിവിധ ആവശ്യങ്ങൾക്കെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ വലയുമ്പോഴാണ് ശൗചാലയം തുറന്നുനൽകാതെ അധികൃതർ അലംഭാവം തുടരുന്നത്.

അടിയന്തരമായി ശൗചാലയം തുറന്നു നൽകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ.ആർ.റിയാസ് ആവശ്യപ്പെട്ടു.