കുന്നിക്കോട് : ഗുണ്ടാ ആക്രമണത്തിൽ അറസ്റ്റിലായ ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണുവി(26)നെ കുന്നിക്കോട് പോലീസ് ആവണീശ്വരത്തെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ബുധനാഴ്ച രാവിലെ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ആവണീശ്വരം ലെവൽക്രോസിനു സമീപം എത്തിച്ചാണ് തെളിവെടുത്തത്.

ഒരാളുടെ കൊലപാതകത്തിൽ കലാശിച്ച സംഭവത്തിനു തുടക്കമിട്ട ആക്രമണത്തിലാണ് തെളിവെടുത്തത്. ഏറ്റുമുട്ടൽ സംഭവത്തിലെ മുഖ്യപ്രതി കൊട്ടാരക്കര ചന്തമുക്കിൽ വാടകയ്ക്കുതാമസിക്കുന്ന വിളക്കുടി റാഫാ മൻസിലിൽ സിദ്ദിഖി(35)നെ മർദിച്ച സംഭവത്തിലാണിത്. കഴിഞ്ഞ 20-ന് ഏഴുമണിയോടെ ആവണീശ്വരം ലെവൽക്രോസിനു സമീപത്തെ കടയുടെ മുന്നിലായിരുന്നു സംഭവം.

വിഷ്ണുവിന്റെ മർദനത്തിൽ സിദ്ദിഖിന്റെ മൂത്രാശയത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം നടന്ന ഈ സംഭവത്തിനുശേഷം ഒത്തുതീർപ്പിനായി കൊട്ടാരക്കര വിജയാസ് ആശുപത്രിക്കുസമീപം സംഘടിച്ചവരാണ് ഏറ്റുമുട്ടിയതും ഒരാൾ മരിച്ചതും. കൊട്ടാരക്കര സംഭവത്തിൽ വിഷ്ണുവിനും സഹോദരൻ വിനീതിനും കുത്തേറ്റിരുന്നു. അന്ന് വിഷ്ണുവിനൊപ്പം എത്തിയ ആവണീശ്വരം സ്വദേശി രാഹുലാണ് കുത്തേറ്റുമരിച്ചത്.

പരിക്ക് ഭേദമായി ആശുപത്രി വിട്ടതോടെയാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിഷ്ണുവിന്റെ അറസ്റ്റ് കുന്നിക്കോട് പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.

കൊട്ടാരക്കരയിൽ നടന്ന കുത്ത് കേസിലെ രണ്ടാം പ്രതി അഖിലുമായി സിദ്ദിഖ് സഹകരിക്കുന്നതിൽ പ്രകോപിതനായാണ് വിഷ്ണു സിദ്ദിഖിനെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. കുന്നിക്കോട് എസ്‌.ഐ. വൈശാഖ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.