ചവറ : പന്മന വടക്കുംതല കൊതുമുക്ക്‌ പാലം അപകടാവസ്ഥയിൽ. പന്മന വട്ടക്കായലിലെ പാലം വർഷങ്ങൾക്കുമുൻപ്‌ തീവണ്ടിയിൽ കെ.എം.എം.എൽ. കമ്പനിയിലേക്ക് കൽക്കരി കൊണ്ടുവരാനായി നിർമിച്ചതായിരുന്നു. ഇപ്പോൾ കമ്പനി മറ്റ് മാർഗങ്ങൾ തേടിയതോടെ പാലത്തെ മറന്നു. ഇതുവരെയും നവീകരണം നടക്കാത്തതിനാൽ ജീർണാവസ്ഥയിലാണ്.

കാൽനടയാത്രക്കാർക്കായിട്ടുള്ള ഇരുമ്പുഷീറ്റ്‌ അടർന്നുപോയി. യാത്രക്കാർ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്‌. നിരവധിപേർ പ്രകൃതിഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്‌.

മറ്റു പ്രദേശങ്ങളിൽനിന്ന് വധൂവരൻമാരുടെ സംഘവും ഫോട്ടോ ഷൂട്ടിനായി പാലത്തിൽ കയറി നിൽക്കാറുണ്ട്‌. അപകടസൂചനകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. കോളേജ് വിദ്യാർഥികൾ പകൽ ഇവിടെയെത്താറുണ്ട്‌. വർഷങ്ങൾക്കുമുൻപ്‌ കെ.എം.എം.എൽ. എം.എസ്.യൂണിറ്റിലേക്ക്‌ പോകാനുള്ള പാലം തകർന്നുവീണ് വലിയ അപകടം ഉണ്ടായിട്ടുണ്ട്. ഇതിനു സമാനമായ തരത്തിലാണ് കൊതുകുമുക്ക് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

സമൂഹവിരുദ്ധശല്യം പതിവ്

രാത്രിയും പകലും പാലത്തിൽ സമൂഹവിരുദ്ധശല്യവും പതിവാണ്. പോലീസിന്റെ നിരീക്ഷണം ഇവിടെ കുറവായതിനാൽ മറ്റു പ്രദേശങ്ങളിൽനിന്നുപോലും ബൈക്കുകളിൽ എത്തുന്നവരുടെ വിഹാരകേന്ദ്രമായി മാറുകയാണന്ന പരാതി വ്യാപകമണ്.