കൊട്ടിയം :കൊട്ടിയത്തിെൻറ സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ബാബുസാർ എന്ന എൻ.ബാബുരാജൻ വിടവാങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കൊല്ലം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.

സ്വാശ്രയവിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ഫെഡറൽ കോളേജിെൻറ സ്ഥാപകൻ എന്നനിലയിൽ വലിയ ഒരു ശിഷ്യസമ്പത്തിെൻറ ഉടമയായിരുന്നു. 1983-84 ൽ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച സ്ഥാപനം ഏറെത്താമസിയാതെ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി ഉയർന്നു. പിന്നീട് ഡിഗ്രി ക്ലാസുകളും ആരംഭിച്ചു. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇവിടെനിന്ന്‌ പഠിച്ചിറങ്ങിയത്.

ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ബാബു ഒരു അധ്യാപകൻ എന്നതിലുപരി കൊട്ടിയത്തിെൻറ സമസ്തമേഖലകളിലും തെൻറ സാന്നിധ്യമുറപ്പിച്ചിരുന്നു. ദീർഘകാലം കൊട്ടിയം പഞ്ചായത്ത് രൂപവത്‌കരണ ആക്‌ഷൻ കൗൺസിൽ പ്രസിഡൻറായിരുന്നു. കൊട്ടിയത്തിെൻറ സമഗ്രവികസനത്തിനുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. അതിനുവേണ്ടി രൂപവത്‌കൃതമായ കൊട്ടിയം പൗരവേദിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ദീർഘകാലം ലയൺസ് ക്ലബ്ബ് പ്രസിഡന്റുമായിരുന്നു.