തെന്മല : കിഴക്കൻമേഖലയിലെ പാതയോരങ്ങൾ മാലിന്യംതള്ളൽ കേന്ദ്രമാകുന്നു. കഴുതുരുട്ടി പഞ്ചായത്ത് കാര്യാലയത്തിനുസമീപം റെയിൽവേ സ്റ്റേഷനു പിൻഭാഗത്തായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുന്നുകൂടിയനിലയിലാണ്. കാടുമൂടിയ ഇവിടെ സമീപപ്രദേശങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെ തള്ളിയിട്ടുണ്ട്‌. ഇതോടെ വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം വർധിച്ചു. ഇതിനുസമീപമാണ് ഓട്ടോറിക്ഷ സ്റ്റാൻഡ് പ്രവർത്തിക്കുന്നത്‌.

മുൻപ് തൊഴിലുറപ്പുതൊഴിലാളികൾ കാട്‌ നീക്കംചെയ്തപ്പോൾ പെരുമ്പാമ്പിനെ കണ്ടിരുന്നു. വനംവകുപ്പ് ജീവനക്കാരെത്തിയാണ്‌ പിടികൂടിയത്‌. സ്റ്റേഷൻ പരിസരത്തെ കാടുനീക്കാൻ റെയിൽവേയും തയ്യാറാകുന്നില്ല. കഴുതുരുട്ടി വഴിയോര വിശ്രമേകേന്ദ്രത്തിനുസമീപം ആറ്റിലേക്കും വൻതോതിൽ മാലിന്യം തള്ളിയിട്ടുണ്ട്. കടകളിൽനിന്ന്‌ ഉൾപ്പെടെയുള്ള മാലിന്യം ദേശീയപാതയിൽനിന്ന് ആറ്റിലേക്ക് വലിച്ചെറിഞ്ഞനിലയിലാണ്. മഴവെള്ളത്തോടൊപ്പം മാലിന്യം ആറ്റിലേക്ക് ഒഴുകിപ്പോകുകയാണ്. ഇത് ആറ്റിലെ വെള്ളം മലിനമാകാൻ ഇടയാക്കുന്നു.

ക്യാമറ സ്ഥാപിക്കൽ എങ്ങുമെത്തിയില്ല

: പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ തെന്മല, ആര്യങ്കാവ് പഞ്ചയത്തുകൾ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല.

തെന്മലമുതൽ പത്തേക്കർ റോഡുവരെ മാലിന്യംതള്ളൽ ഒഴിവാക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും പദ്ധതി പൂർത്തിയായില്ല.

നിലവിൽ പത്തേക്കർ റോഡരികിൽ വൻതോതിൽ മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്‌. തെരുവുനായ്ക്കൾ പ്രദേശത്ത് തമ്പടിക്കുകയാണ്. വിനോദസഞ്ചാരികൾ വിശ്രമിക്കാനും ആഹാരം കഴിക്കാനും വാഹനം നിർത്തിയിടുന്നത് ഇവിടെയാണ്.

കോട്ടവാസൽ ഭാഗത്ത് ദേശീയപാതയോരത്ത് സി.സി.ടി.വി. സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല.

കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തും വർഷങ്ങളായി മാലിന്യംതള്ളൽ തുടരുകയാണ്. രാത്രിയിൽ ഉൾപ്പെടെ വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നുണ്ട്.

വെള്ളിമല, ഇടമൺ, തെന്മല നാൽപ്പതാംകുറ്റി, കഴുതുരുട്ടി പതിമൂന്നുകണ്ണറ, ആര്യങ്കാവ്, കോട്ടവാസൽ ഭാഗങ്ങളിൽ മാലിന്യം ചാക്കുകളിൽ കെട്ടി വലിച്ചെറിഞ്ഞനിലയിലാണ്. മാലിന്യം തള്ളിയവരെ പലതവണ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.