ചാത്തന്നൂർ : ചാത്തന്നൂർ വൈദ്യുതിഭവനുസമീപം ദേശീയപാതയോരത്തെ ഓട തെളിച്ചിട്ടും വെള്ളക്കെട്ടിനു പരിഹാരമായില്ല. വാഹനയാത്രികർക്കും കാൽനടക്കാർക്കും ദുരിതയാത്രയാണിവിടെ.

റോഡ്‌ ടാറിങ്ങിലെ അപാകം പരിഹരിക്കാത്തതാണ് വെള്ളക്കെട്ട് ഒഴിയാത്തതിനു കാരണമെന്ന്‌ ആക്ഷേപമുണ്ടായിട്ടും നന്നാക്കാൻ നടപടിയില്ല.

ശക്തമായ മഴപെയ്താൽ ഇവിടെ ഒന്നരയടിയോളം പൊക്കത്തിൽ വെള്ളക്കെട്ടുണ്ടാകുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെയ്ത ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടിൽ ഇരുചക്രവാഹനങ്ങളിലെത്തിയവർ ദുരിതത്തിലായി. പാതയോരത്തെ വീടുകളിലും കടകളിലും വെള്ളം കയറുകയും ചെയ്തു.

ഗ്രാമപ്പഞ്ചായത്ത്‌ മുൻ അംഗം വിനോദ് കെ.വിശ്വന്റെ വീട്ടിലാണ് വെള്ളം കയറിയത്. ബ്ലാക്ക് സ്പോട്ടായി കണ്ടെത്തി ഡിവൈഡർ സ്ഥാപിച്ചതോടെയാണ് വൈദ്യുതിഭവനുസമീപത്തെ ദേശീയപാതയുടെ ഭാഗം അപകടക്കെണിയായത്. മഴയിൽ സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന ഇവിടെ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പലപ്പോഴായി റോഡ്‌ ഉയർത്തുകയും ചെയ്തു.

ദേശീയപാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ സമീപത്തെ കടകളിലിരിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെ ദേഹത്തേക്ക്‌ ചെളിവെള്ളം തെറിപ്പിക്കാറുണ്ട്‌.

മഴമൂലം ഇവിടെയുണ്ടാകുന്ന അപകടഭീഷണി അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.