ഓയൂർ : വെളിനല്ലൂർ പഞ്ചായത്ത് മീയന ഓർക്കോട് ഏലായിൽ സമൂഹവിരുദ്ധശല്യം രൂക്ഷം. കാർഷികവിളകൾ മോഷണംപോകുന്നത് പതിവാകുന്നു.

അരീക്കുഴിമുതൽ ഓർക്കോട് ഏലാത്തലയ്ക്കൽവരെയാണ് മദ്യപരായ സമൂഹവിരുദ്ധരുടെ ശല്യം രൂക്ഷമായിട്ടുള്ളത്. സ്ഥലവാസികളിൽ ചിലരുടെ ഒത്താശയോടെയാണ് ഇവിടം താവളമാക്കുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

മദ്യവുമായി ബൈക്കിലും ഓട്ടോറിക്ഷകളിലുമായി എത്തുന്ന ചെറുതും വലതുമായ സംഘങ്ങൾ ഏലായുടെ ഇരുകരകളിലായി നിരന്നിരുന്ന് മദ്യപിക്കുന്നത് പതിവുകാഴ്ചയാണ്. ഇക്കൂട്ടർ ഏലായുടെ കരയിലുള്ള റബ്ബർ തോട്ടങ്ങളും കേന്ദ്രമാക്കുന്നതായി പറയുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പരസ്യ മദ്യപാനം രാത്രി ഏറെ വൈകിയും തുടരും. കാർഷികവിളകൾ മോഷണം പോകുന്നതാണ് മറ്റൊരു പ്രശ്നം. കൂടുതലായും വാഴക്കുലകളാണ്.മോഷ്ടിക്കുന്നത് മരച്ചീനിയും പച്ചക്കറികളും മോഷണംപോകാറുണ്ട്.

മദ്യപിക്കാനെത്തുന്നവരാകാം മോഷണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും വിളകൾ മോഷണംപോകുന്നതിനാൽ കൃഷി ചെയ്യുന്നതിന് കഴിയാത്ത സാഹചര്യമാണെന്നും കർഷകർ പറയുന്നു. പൂയപ്പള്ളി പോലീസ് അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.