കടയ്ക്കൽ : സസ്പെൻഷനിലുള്ള ജീവനക്കാരിക്ക് ഉപജീവനബത്ത നൽകാത്തതിനാൽ ക്ഷീരസംഘത്തിനെതിരേ റവന്യൂ റിക്കവറിക്ക് നടപടി. ഇട്ടിവ പഞ്ചായത്തിലെ തേക്കിൽ ക്ഷീരോത്‌പാദക സംഘത്തിനെതിരേയാണ് സർക്കാർ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചത്. സഹകരണ സംഘങ്ങൾ റവന്യൂ റിക്കവറി നേരിടുന്നത് അത്യപൂർവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ട കാലത്തെ ഉപജീവനബത്തയായി ജീവനക്കാരി ഇട്ടിവ ചാണപ്പാറ നിതിൻഹൗസിൽ രജനികുമാരിക്ക് 23,885 രൂപ നൽകണമെന്ന കൊല്ലം ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ് നടപ്പാക്കാത്തതിനെത്തുടർന്നാണ് റവന്യൂ റിക്കവറി ആരംഭിച്ചത്. തേക്കിൽ ക്ഷീര സംഘത്തിൽ മിൽക്ക് ടെസ്റ്ററായി ജോലിചെയ്തുവന്ന രജനികുമാരിയെ 2020 മാർച്ച് 24-ന് ജോലിയിൽനിന്ന്‌ സസ്പെൻഡ് ചെയ്തിരുന്നു.

സംഘത്തിലെ ഭരണമാറ്റത്തെ തുടർന്നുള്ള രാഷ്ട്രീയ കാരണങ്ങളാലാണ് 31 വർഷമായി ജോലി ചെയ്തിരുന്ന ജീവനക്കാരിയെ അകാരണമായി സസ്പെൻഡ് ചെയ്തതെന്നായിരുന്നു പരാതി. തുടർന്ന് സസ്പെൻഷൻ കാലയളവിൽ ഉപജീവനബത്തപോലും നൽകാൻ സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതി തയാറാകാഞ്ഞതോടെയാണ് ഇവർ ജില്ലാ ഡെപ്യൂട്ടി ലേബർ കമ്മിഷണർക്ക് പരാതി നൽകിയത്. തുടർന്ന് ജില്ലാ ലേബർ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിക്ക് ഇതുവരെയുള്ള ഉപജീവനബത്തയായി 28,855 രൂപ ഒരുമാസത്തിനകം നൽകാൻ സംഘം പ്രസിഡൻറിനോട്‌ ആവശ്യപ്പെട്ടുകൊണ്ട് 2021 ജനുവരി 16-ന് ഉത്തരവിറക്കിയത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും തുക നൽകാൻ ഭരണസമിതി തയാറാകാത്തതിനെ തുടർന്നാണ് നടപടി.

ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഭരണസമിതി. മൂന്നുപതിറ്റാണ്ടിലേറെ ജോലിചെയ്ത ജീവനക്കാരിക്ക് ജീവനാംശം നൽകാതിരിക്കാൻ സംഘത്തിെന്റ പണം ചെലവഴിച്ച് കേസ് നടത്തുന്നതിൽ ക്ഷീരകർഷകരായ സഹകാരികളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ഭരണസമിതിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സംഘം സെക്രട്ടറി നേരത്തേ രാജിെവച്ചിരുന്നു.