ശാസ്താംകോട്ട : വിധവയുടെ വീട്ടുമുറ്റത്തെ കൃഷിയും ഫലവൃക്ഷങ്ങളും വിഷദ്രാവകമൊഴിച്ചു നശിപ്പിച്ചതായി പരാതി. കുന്നത്തൂർ വേമ്പനാട്ടേത്ത് ജങ്ഷനു സമീപം എട്ടുതുണ്ടിൽ വിജയകുമാരിയുടെ വീട്ടിലാണ് സമൂഹവിരുദ്ധർ നാശംവരുത്തിയത്. പറമ്പിൽ കൃഷിചെയ്തിരുന്ന മുളക്, ഇഞ്ചി, ചീര, ചേമ്പ് തുടങ്ങിയവയും വാഴയും നശിപ്പിച്ചു. കുറെ തൈകൾ പിഴുതുകൊണ്ടുപോവുകയും ചെയ്തു. കൂടാതെ മാവിന്റെയും പ്ലാവിന്റെയും ചുവട്ടിലും വിഷദ്രാവകം ഒഴിച്ചതായും വിജയകുമാരി പറഞ്ഞു. ഇവയും ഉണങ്ങിത്തുടങ്ങി.
കഴിഞ്ഞരാത്രിയിലാണ് ആരോ വിഷദ്രാവകം ഒഴിച്ചത്. ഈ സമയം രൂക്ഷഗന്ധമായിരുന്നെന്ന് അവർ പറയുന്നു. പരാതിനൽകിയതിനെത്തുടർന്ന് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥിരമായി ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കുന്നതായും പലതവണ പരാതിപ്പെട്ടിട്ടും നീതിലഭിച്ചിട്ടില്ലെന്നും വിജയകുമാരിയും വയോധികയായ മാതാവും പറയുന്നു.