പുനലൂർ : കെ.എസ്.ആർ.ടി.സി.യുടെ പുനലൂർ സബ്ബ് ഡിപ്പോയെ ഡിപ്പോയാക്കി ഉയർത്തുമെന്ന് മന്ത്രി ആൻറണി രാജു. ഇതിനുള്ള ഉത്തരവ് അഞ്ചു ദിവസത്തിനുള്ളിൽ ഇറക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുനലൂരിനു പുറമേ കുളത്തൂപ്പുഴ, ആര്യങ്കാവ് ഡിപ്പോകളിൽനിന്ന്‌ സർവീസുകൾ പുനഃക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു.

മൂന്നു ഡിപ്പോകളുടെയും വികസനപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പി.എസ്.സുപാൽ എം.എൽ.എ.യുടെ അഭ്യർഥനപ്രകാരം പുനലൂരിൽ എത്തിയതായിരുന്നു മന്ത്രി.

മറ്റു തീരുമാനങ്ങൾ

പുനലൂർ ഡിപ്പോയിൽ ബി.ഒ.ടി. വ്യവസ്ഥയിൽ ഓഫീസ്-ഷോപ്പിങ്‌ മാൾ-ബസ് ടെർമിനൽ സമുച്ചയം നിർമിക്കും. ഇതിനാവശ്യമായ പദ്ധതി നഗരസഭ സമർപ്പിക്കണം.

ഡിപ്പോയിലെ പമ്പ് മാറ്റിസ്ഥാപിച്ച് പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കുന്ന നിലയിൽ ക്രമീകരിക്കും

മൂന്നു ഡിപ്പോകളിലുംനിന്നുള്ള ഓർഡിനറി സർവീസുകൾ അതതു തദ്ദേശസ്ഥാപനങ്ങൾ പുനഃക്രമീകരിച്ചുനൽകണം. കെ.എസ്.ആർ.ടി.സി. ആസ്ഥാനത്തുനിന്ന്‌ ഇതിനു മേൽനോട്ടം വഹിക്കും.

പുനലൂർ ഡിപ്പോയിലെ കാത്തിരിപ്പുകേന്ദ്രം പൂർത്തിയാക്കിയാൽ ഇവിടെ ഓൺലൈൻ റിസർവേഷൻ കേന്ദ്രം ആരംഭിക്കും

ആര്യങ്കാവ് ഡിപ്പോ പരിധിയിൽ സർവീസ് നടത്തുന്നതിന് കട്ട് ചെയ്സ് ബസുകൾ ലഭ്യമാക്കും

കൊല്ലം-കുളത്തൂപ്പുഴ ചെയിൻ സർവീസ് യാത്രക്കാരുടെ സൗകര്യാർഥം പുനഃക്രമീകരിക്കും

പുനലൂരിൽനിന്നുള്ള പാലക്കാട് സൂപ്പർ ഡീലക്സ് ബസ് സൂപ്പർ ഫാസ്റ്റായി സർവീസ് നടത്തും

പുനലൂർ-പാലാ-കൂത്താട്ടുകുളം-എറണാകുളം സർവീസ് ആരംഭിക്കും

ആര്യങ്കാവിൽനിന്ന്‌ പുനലൂർ-എറണാകുളം സർവീസ് ആരംഭിക്കും

പുനലൂരിൽനിന്ന്‌ നാഗർകോവിലിലേക്ക് പുതിയ രണ്ടു സർവീസുകൾ ആരംഭിക്കും

പുനലൂർ-എറണാകുളം-വഴിക്കടവ് സൂപ്പർ ഫാസ്റ്റ്, പുനലൂർ-കോട്ടയം-കോഴിക്കോട് സൂപ്പർ ഫാസ്റ്റ് സർവീസുകൾ പരിഗണിക്കും

അവലോകനയോഗത്തിൽ എം.എൽ.എ.യ്ക്കു പുറമേ നഗരസഭാ ചെയർ പേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ഡി.ദിനേശൻ, കെ.എസ്.ആർ.ടി.സി. എക്സിക്യുട്ടീവ് ഓഫീസർ പ്രദീപ്‌കുമാർ, എസ്റ്റേറ്റ് ഓഫീസർ പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.