പുത്തൂർ : സിവിൽ സർവീസ് പരീക്ഷയിൽ റാങ്കിന്റെ തിളക്കവുമായി പുത്തൂർ ചെറുമങ്ങാട് ഗ്രാമത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് സിബിൻ. പുത്തൂർ ബെസ്റ്റ് ബേക്കറി ഉടമ ചെറുമങ്ങാട് പി.എസ്.എസ്.ഭവനിൽ പേരിൻപത്തിന്റെയും ദീപയുടെയും മകനായ പി.സിബിൻ 408-ാം റാങ്കാണ് കരസ്ഥമാക്കിയത്.

2019-ൽ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ പാസായിരുന്നെങ്കിലും പ്രധാന പരീക്ഷയിൽ വിജയം നേടാൻ കഴിഞ്ഞില്ല. തുടർന്നു നടത്തിയ കഠിനമായ പരിശ്രമമാണ് വിജയിത്തിലേക്കു നയിച്ചതെന്ന് സിബിൻ പറയുന്നു. ഐ.എ.എസാണ് ലക്ഷ്യം. കൂടുതൽ മികച്ച റാങ്ക് ലക്ഷ്യമിട്ട് ഒരുതവണകൂടി പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കൻ. കാരുവേലിൽ സെന്റ് ജോൺസ് റെസിഡൻഷ്യൽ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന്‌ സിവിൽ എൻജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ബി.ടെക് ബിരുദധാരിയായ പി.സൂര്യയാണ് സഹോദരൻ.