കൊട്ടാരക്കര : കർഷകവീര്യവും കന്നിൻവീര്യവും ചേറിൽ കുതിർന്നു കുതിക്കുന്ന മരമടിമത്സരക്കാഴ്ചകൾ അന്യമായെങ്കിലും ഓർമകൾക്കു മരണമില്ല.

ചെളിക്കണ്ടങ്ങളിലെ ആവേശക്കാഴ്ചകളുടെ അനുഭവങ്ങൾ പങ്കിടാൻ കർഷകരും മരമടിപ്രേമികളും ചേർന്നൊരു വാട്സാപ് കൂട്ടായ്മ ഒരുക്കി- 'മരമടി കാർഷിക വാട്സാപ് കൂട്ടായ്മ'. കേരളത്തിലങ്ങോളമിങ്ങോളം മരമടിക്കണ്ടങ്ങളിൽ മുക്രയിട്ടോടുന്ന മൂരിക്കുട്ടന്മാർക്കൊപ്പം കുതിച്ച തൃക്കണ്ണമംഗൽ ബിജുഭവനിൽ തങ്കച്ചനെ കൂട്ടായ്മ ആദരിച്ചു. ആറുപതിറ്റാണ്ടോളം മരമടിമത്സരങ്ങളിൽ നിത്യസാന്നിധ്യമായിരുന്നു തങ്കച്ചൻ. പോയകാലത്ത്‌ കന്നുകൾക്കൊപ്പം ഓടി നേടിയ ട്രോഫികൾ തങ്കച്ചന്റെ വീട്ടിലുണ്ട്.

മരമടിയില്ലെങ്കിലും ഇപ്പോഴും ലക്ഷണമൊത്ത രണ്ടു മത്സരയോട്ടക്കാളകളെ തങ്കച്ചൻ വളർത്തുന്നു. ഒരു മൈലയും (ചുവപ്പ്), ഒരു കോളയും (കറുപ്പ്‌). കൂട്ടായ്മയ്ക്കുവേണ്ടി അയിഷാപോറ്റി എം.എൽ.എ. തങ്കച്ചനെയും ഭാര്യ അന്നമ്മയെയും പൊന്നാടയണിയിച്ചു. സാമ്പത്തികസഹായവും ഉപഹാരവും കൈമാറി. അജിത് ചിറക്കര, ബിജു ചെമ്മരുതി, ഷാജി പള്ളിക്കൽ, ഹരിശങ്കർ മുഖത്തല, സജി ചേരൂർ, ജേക്കബ് വടക്കേടത്ത് തുടങ്ങിയവർ പങ്കെടുത്തു.