ചിത്രം റിലീസായിട്ട് ഡിസംബർ രണ്ടിന് 54 വർഷം തികയും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ആ ചലച്ചിത്രത്തിന്റെ സംവിധായകൻ ഓർമകൾ പങ്കുവെക്കുകയാണ്.
“രാഷ്ട്രീയത്തിലെ ചില പുഴുക്കുത്തുകളെ അന്നുതന്നെ ഞങ്ങളാ ചിത്രത്തിലൂടെ തുറന്നു കാട്ടിയിരുന്നു. പണത്തിന്റെ സ്വാധീനം, നിക്ഷിപ്തതാത്പര്യങ്ങളുടെ കളികൾ, രണ്ട് സ്ഥാനാർഥികൾക്കും വേണ്ടി ഒരുപോലെ പ്രവർത്തിക്കുന്ന ചിലർ... അങ്ങനെ പലതും.
വലിയ മാറ്റമൊന്നും ഇതിലൊന്നും വന്നിട്ടില്ലെന്നതാണ് ഖേദകരം. രാജ്യത്തിന്റെ നാളെയിലേക്കുകൂടി ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻമാർ നമുക്കില്ലെന്നതാണ് പ്രശ്നം.
വല്ലഭ്‌ഭായ് പട്ടേലിനെപ്പോലുള്ള നേതാക്കളാണ് രാജ്യത്തിന്റെ ആവശ്യം.” ഇപ്പോൾ ചെന്നൈയിൽ വിശ്രമജീവിതം നയിക്കുന്ന, മലയാളത്തിലെ ഒരു പിടി മികച്ച ചിത്രങ്ങളുടെ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ കെ.എസ്.സേതുമാധവൻ പറഞ്ഞു.
“കടുവാപ്പെട്ടിക്കോട്ടില്ലഎന്ന പാട്ട് അന്ന് വലിയ ഹിറ്റായിരുന്നു. അന്നത്തെ വോട്ടിങ് രീതി അങ്ങനെയായിരുന്നു. ചിഹ്നം പതിച്ച പെട്ടിയിലായിരുന്നു വോട്ടിടുന്നത്. പിന്നീടാണ് ബാലറ്റ് പേപ്പറിൽ ചിഹ്നത്തിൽ സീൽ ചെയ്യുന്ന രീതി വന്നത്. തോട്ടുംകരയിൽ വിമാനമിറക്കാൻ താവളമുണ്ടാക്കും, പഞ്ചായത്തുതന്നെ പറുദീസയാക്കും എന്നൊക്കെയായിരുന്നു പാട്ടിലെ മോഹനവാഗ്ദാനങ്ങൾ. ഇത്തരം വാഗ്ദാനങ്ങളൊക്കെ ഇന്നും തുടർക്കഥയാണ്.
ആ പാട്ടിൽത്തന്നെ കടുവാപ്പെട്ടിക്കു വോട്ടു ചോദിച്ച് കവിതയെഴുതുന്നയാൾതന്നെയാണ് കുരുവിപ്പെട്ടിക്കും വോട്ടു ചോദിക്കുന്നതും രണ്ടു സ്ഥാനാർഥികളെയും ഒരുപോലെ പുകഴ്ത്തുന്നതും. ഭാസി അവതരിപ്പിച്ച ശാസ്ത്രികളുടെ തനിപ്പകർപ്പുകളെ നമുക്ക് ഇന്നും കാണാം. സേതുമാധവൻ പറഞ്ഞു.
“മുട്ടത്തുവർക്കിയുടെ പഞ്ചായത്തുവിളക്ക് എന്ന നോവലിന്റെ ഈ ചലച്ചിത്രാവിഷ്കാരത്തിന് സംഭാഷണം രചിച്ചത് എസ്.എൽ.പുരം സദാനന്ദൻ ആയിരുന്നു. പാട്ടെഴുതിയത് വയലാറും സംഗീതം നൽകിയത് എൽ.പി.ആർ.വർമയും. പാടിയത് അടൂർ ഭാസിയും. ഇതുകൂടാതെ പ്രചാരണപാട്ടായി ഒരു സിന്ദാബാദ് പാട്ടും തോറ്റുപോയ് എന്നു തുടങ്ങുന്ന വിജയാഹ്ളാദ പാട്ടും ചിത്രത്തിലുണ്ടായിരുന്നു. പാട്ടുകളും ചിത്രവും അന്ന് വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിൽ സ്ഥാനാർഥികളെ പ്രകീർത്തിച്ച് പാട്ടുപാടി അഭിനയിച്ച അടൂർ ഭാസി പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിച്ചപ്പോ 35 വോട്ടിനു പൊട്ടിയതും മറ്റൊരു ഓർമയാണ്.”
ഗൃഹസമ്പർക്കം രണ്ടാംഘട്ടത്തിലേക്ക്
ഉച്ചഭാഷിണിക്ക് മുൻകൂർ അനുമതി വേണം
കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.
രാത്രി ഒൻപതിനും രാവിലെ ആറിനുമിടയിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല. സ്ഥാനാർഥികൾക്ക് ഗ്രാമപ്പഞ്ചായത്ത് (ഒന്ന്), ബ്ലോക്ക് പഞ്ചായത്ത് (മൂന്ന്), ജില്ലാപഞ്ചായത്ത് (നാല്), മുനിസിപ്പാലിറ്റി (രണ്ട്), മുനിസിപ്പൽ കോർപ്പറേഷൻ (നാല്) എന്നിങ്ങനെ വാഹനങ്ങൾ ഉപയോഗിക്കാം.