കൊല്ലം : മുളങ്കാടകം ക്ഷേത്രത്തിലെ തീപ്പിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് പ്രാഥമികനിഗമനം. തിങ്കളാഴ്ച ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ ക്ഷേത്രം സന്ദർശിച്ച് നടത്തിയ പരിശോധനയിലായിരുന്നു ഈ വിലയിരുത്തൽ.
ക്ഷേത്രത്തിൽ വൈദ്യുതി തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം പോലീസിന് റിപ്പോർട്ട് നൽകുമെന്ന് ഡെപ്യൂട്ടി ഇലക്‌ട്രിക്കൽ എൻജിനീയർ ദീപ്‌തി അറിയിച്ചു. അസിസ്റ്റന്റ് ഇലക്‌ട്രിക്കൽ എൻജിനീയർ അനീസും അവരോടൊപ്പമുണ്ടായിരുന്നു.
ക്ഷേത്രത്തിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെസ്റ്റ് പോലീസും ശേഖരിച്ചു. ക്ഷേത്രത്തിലും പുറത്തുമുള്ള സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്. ഹാർഡ് ഡിസ്‌കിലെ വിവരങ്ങളും സൈബർ വിദഗ്ധരുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പോലീസും ഫൊറൻസിക് വിദഗ്‌ധരും തിങ്കളാഴ്ചയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിൽ തീപടർന്നത്. ദാരുശില്പങ്ങളും തടിയിലുള്ള വിഗ്രഹങ്ങളും ഉൾപ്പെടെ കത്തിനശിച്ചിരുന്നു.