കുന്നിക്കോട് :കുന്നിക്കോട് ടൗണിൽ ലക്ഷ്യമിടുകയും പിന്നീട് മുടങ്ങിപ്പോവുകയും ചെയ്ത 'വഴിയിടം' പദ്ധതി വിളക്കുടിയിൽ നടപ്പാക്കുന്നു. ഇതിനായി കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ പുറമ്പോക്കുഭൂമി റവന്യൂ വകുപ്പ് വിളക്കുടി ഗ്രാമപ്പഞ്ചായത്തിന് വിട്ടുനൽകി. അവിടെ നിർമാണപ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക നടപടികൾ ഗ്രാമപ്പഞ്ചായത്ത് തുടങ്ങിക്കഴിഞ്ഞു. ദേശീയപാതയിൽ വിളക്കുടി മന്നം മെമ്മോറിയൽ സ്കൂളിനും ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും മധ്യേയുള്ള വളവിനോടുചേർന്ന സ്ഥലത്താണ് 'ടേക്ക് എ ബ്രേക്ക്' എന്ന വഴിയിടം പദ്ധതിക്ക് കളമൊരുങ്ങിയത്. യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ശൗചാലങ്ങളും ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കുന്ന കഫെറ്റീരിയയും ഉൾപ്പെടുന്നതാണ് 'വഴിയിടം' പദ്ധതി. കുടുംബശ്രീ പ്രവർത്തകർക്കാണ് കേന്ദ്രത്തിന്റെ മേൽനോട്ടം.

ഹരിതകേരളം മിഷന്‍റെയും ശുചിത്വ മിഷന്‍റെയും ഫണ്ട്‌ ഉപയോഗിച്ച് ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ ഓരോ തദ്ദേശസ്ഥാപനവും നിർബന്ധമായും നടപ്പാക്കേണ്ട പദ്ധതിയാണിത്. പദ്ധതിക്കായി കുന്നിക്കോട് സർക്കാർ ആശുപത്രിക്കുസമീപത്തെ വയോജനകേന്ദ്രത്തിനോടുചേർന്ന സ്ഥലമാണ് പഞ്ചായത്ത് ആദ്യം കണ്ടെത്തിയത്. എന്നാൽ പദ്ധതി അവിടെ നടപ്പാക്കുന്നതിൽ സ്ഥലം എം.എൽ.എ. അടക്കമുള്ളവർ അതൃപ്തി അറിയിച്ചതോടെ പദ്ധതി മുടങ്ങി. കുന്നിക്കോട് വലിയതോടിനോടുചേർന്ന സ്ഥലമാണെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരും പിൻവാങ്ങി.

അനുയോജ്യമായ സ്ഥലം കിട്ടാതെവന്നതോടെ കഴിഞ്ഞ ടേമിൽ നടപ്പാക്കേണ്ടിയിരുന്ന പദ്ധതി മുടങ്ങി. ഇതിനിടെ ശുചിത്വ മിഷൻ അധികൃതർ ഗ്രാമപ്പഞ്ചായത്തിൽ നിരന്തരസമ്മർദം ചെലുത്തിയതോടെയാണ് മുടങ്ങിയ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്.

മാലിന്യങ്ങൾ തള്ളാനുള്ള സ്ഥലമായി അന്യാധീനപ്പെട്ടുകൊണ്ടിരുന്ന പുറമ്പോക്ക് ഭൂമിയാണ് ഏറ്റവുമൊടുവിൽ വഴിയിടം പദ്ധതിക്ക് പ്രയോജനപ്പെടുത്താനായത്. നേരത്തേ കുറഞ്ഞ തുക ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതൊടെ കൂടുതൽ ഫണ്ട് ചെലവഴിച്ച് മികച്ചരീതിയിൽ പദ്ധതി ആസൂത്രണം ചെയ്യണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.റവന്യൂ പുറമ്പോക്ക് ഭൂമി പഞ്ചായത്തിന് വിട്ടുകിട്ടി