കൊല്ലം : പിറന്നുവീഴുന്ന കുട്ടിപോലും രണ്ടുലക്ഷം രൂപയുടെ കടക്കാരനായിമാറുന്ന കേരളത്തിൽ രണ്ടുലക്ഷം കോടി രൂപ മുടക്കി കെ.റെയിൽ പദ്ധതി കൊണ്ടുവരുന്നത്‌ അഴിമതി നടത്താനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

പരിസ്ഥിതി സന്തുലിതാവസ്ഥ, സാമൂഹിക പ്രത്യാഘാതം എന്നിവ നോക്കാതെ ധൃതിപിടിച്ചു നടത്തുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ സി.പി.എമ്മിന്റെ ഭരണത്തിന് അന്ത്യംകുറിച്ചത് നന്ദിഗ്രാമിലുണ്ടായ ജനകീയ പ്രതിഷേധമാണ്.

കെ.റെയിൽ പദ്ധതി നടപ്പാക്കുന്നതുമൂലം കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ സമരച്ചൂടിൽ പിണറായിയുടെ ഭരണം അന്ത്യംകാണുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി., പി.രാജേന്ദ്രപ്രസാദ്, എ.എ.അസീസ്, എ.യൂനുസ്‌കുഞ്ഞ്, ബിന്ദുകൃഷ്ണ, ഷിബു ബേബിജോൺ, വാക്കനാട് രാധാകൃഷ്ണൻ, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.