ഓച്ചിറ : രാഷ്ട്രീയത്തിലും സംഘടനാതലത്തിലും വനിതകൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കണമെന്ന് യു.പ്രതിഭ എം.എൽ.എ. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ നടന്ന വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളെ ഭരണമേൽപ്പിച്ചാൽ എല്ലാം തകരുമെന്നാണ് പ്രചാരണം. അങ്ങനെയല്ലെന്ന് സ്ത്രീകൾ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആത്മവിശ്വാസം വർധിപ്പിക്കാൻ സ്ത്രീകൾതന്നെ മുന്നിട്ടിറങ്ങണമെന്നും എം.എൽ.എ. പറഞ്ഞു.

വനിതകൾ കെ.പി.സി.സി. പ്രസിഡന്റും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമാകുന്ന കാലമാണ് സ്ത്രീകൾ സ്വപ്നംകാണുന്നത്. അടുത്ത തലമുറയ്ക്ക് അതിനു കഴിയുമെന്നും അധ്യക്ഷപ്രസംഗം നടത്തിയ ഡി.സി.സി. മുൻ പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.രാധാമണി, കെ.പി.സി.സി. സെക്രട്ടറി എൽ.കെ.ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ബി.ശ്രീദേവി, മിനിമോൾ നിസാം, മിനി മോഹനൻ, ബിജി പ്രസാദ്, ആലപ്പുഴ ജില്ലാപഞ്ചായത്ത് ചെയർപേഴ്സൺ എ.ശോഭ, ശ്രീലത പ്രകാശ്, രാജലക്ഷ്മി, ഇന്ദു കൃഷ്ണൻ, സുൽഫിയ ഷെറിൻ എന്നിവർ പ്രസംഗിച്ചു.