കൊല്ലം : ജില്ലാപഞ്ചായത്ത് ‘ചിറകുകൾ’ പദ്ധതി പ്രകാരം സാമൂഹികനീതിവകുപ്പ് വഴി വിതരണംചെയ്ത മേക്കപ്പ് സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്നാരോപിച്ച് ട്രാൻസ്ജെൻഡേഴ്‌സ് അവ തിരിച്ചുനൽകി പ്രതിഷേധിച്ചു. പകരം പണം നൽകാമെന്ന ഉറപ്പിൽ പ്രശ്നം താത്കാലികമായി പരിഹരിച്ചു. ട്രാൻസ്ജെൻഡേഴ്‌സിന് ജിവിതോപാധി എന്നനിലയിൽ ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിപ്രകാരം അവർക്ക് ബ്രൈഡൽ മേക്കപ്പ് പരിശീലനവും 4,000 രൂപയുടെ മേക്കപ്പ് സാമഗ്രികളും നൽകുമെന്നായിരുന്നു പറഞ്ഞത്.

പരിശീലനം പൂർത്തിയാക്കിയശേഷം ബുധനാഴ്ച ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വിതരണച്ചടങ്ങിനുശേഷം മേക്കപ്പ് സാമഗ്രികൾ തുറന്നപ്പോൾ അതിന്‌ 1500 രൂപപോലും വിലവരില്ലെന്ന്‌ ട്രാൻസ്ജെൻഡേഴ്‌സ് ആരോപിച്ചു. ഗുണനിലവാരമില്ലാത്ത ഇവയുമായി മേക്കപ്പിനിറങ്ങിയാൽ ഞങ്ങൾ നഷ്ടപരിഹാരം നൽകേണ്ടിവരും. സാമൂഹികനീതിവകുപ്പ്‌ മുഖേനയാണ് സാധനങ്ങൾ വാങ്ങിയത്.

പ്രശ്നം ബഹളമായപ്പോൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ.ഡാനിയേലും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. പി.കെ.ഗോപനും ഇടപെട്ടു. ഈ മേക്കപ്പ് സാമഗ്രികൾ വാങ്ങിയ ഏജൻസിക്കുതന്നെ തിരിച്ചുകൊടുക്കാനും പകരം 4,000 രൂപയുടെ സാമഗ്രികൾ ഓരോരുത്തരും വാങ്ങി അതിന്റെ ബില്ല്‌ നൽകാനും ധാരണയിലെത്തുകയായിരുന്നു. ബില്ലുകിട്ടുന്നമുറയ്ക്ക് തുക പാസാക്കിക്കൊടുക്കാനും ധാരണയായി. തിരുവനന്തപുരത്ത് 20 ദിവസത്തെ പരിശീലനമാണ് നൽകിയത്. 15 പേർക്കായിരുന്നു പരിശീലനം. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.

വൈസ്‌ പ്രസിഡന്റ്‌ സുമാലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പ്രസാദ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജെ.നജീബത്ത്, ജില്ലാ സാമൂഹികനീതി ഓഫീസർ കെ.കെ.ഉഷ എന്നിവരും പങ്കെടുത്തു.