കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയുടെ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാൻ നടപടികളുണ്ടാകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ സാം കെ.ഡാനിയേൽ ജില്ലാപഞ്ചായത്ത് യോഗത്തിൽ അറിയിച്ചു. ഭൂമി കൈയേറിയതിനെപ്പറ്റി മാതൃഭൂമി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 11.75 ഏക്കറിന്റെ ആധാരം ജില്ലാപഞ്ചായത്തിന്റെ കൈയിലുണ്ടെങ്കിലും അളന്നപ്പോൾ 10.30 ഏക്കർ ഭൂമിയേയുള്ളൂ എന്നു കണ്ടെത്തിയിരുന്നു.

ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടായിരുന്നു ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ഐകകണ്ഠ്യേന ഉയർന്നുവന്നത്. ആംബുലൻസിനു കടന്നുപോകാൻപോലും പ്രയാസപ്പെടുന്ന രീതിയിൽ ഇവിടെ റോഡും കൈയേറിയിരിക്കുകയാണ്. ഇതേപ്പറ്റി കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോലീസ് സഹായത്തോടെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇവിടം ഒഴിപ്പിക്കാനുള്ള നീക്കം ശക്തമാക്കും. നിയമപരമായ നടപടികളുമായും മുന്നോട്ടു പോകും.

മാലാഖക്കൂട്ടംപൊതുവിഭാഗത്തിലേക്കും

: ജില്ലാപഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതി പൊതുവിഭാഗത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് ബ്രിജേഷ് എബ്രഹാം നിർദേശിച്ചിരുന്നു. ഇപ്പോൾ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട, ബി.എസ്‌സി. നഴ്‌സിങ്ങും ജനറൽ നഴ്‌സിങ്ങും പാസായവരാണ് ഗുണഭോക്താക്കൾ. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചു ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ പരിമിതപ്പെടുത്തുന്നത്.

ജനറൽ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ നടപടികളെക്കുറിച്ച്‌ ആലോചിക്കാമെന്ന് പ്രസിഡന്റ്‌ പറഞ്ഞു. ബി.എസ്‌സി. നഴ്‌സിങ് പാസായിട്ടും 4,000 രൂപയ്ക്കു ജോലിചെയ്യേണ്ടിവരുന്ന, പട്ടികജാതി പട്ടികവർഗക്കാരായതിനാൽ സ്വകാര്യമേഖലയിൽ ജോലി നിഷേധിക്കപ്പെട്ടവർക്ക് അനുഗ്രഹമായ ഈ പദ്ധതി ജില്ലാപഞ്ചായത്തിന്റെ അഭിമാനപദ്ധതിയായി വിലയിരുത്തപ്പെട്ടതാണ്. രണ്ടുവർഷംകൊണ്ട് മൂന്നുകോടി 16 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. 12,500-15,000 രൂപ ശമ്പളത്തിൽ ജനറൽ നഴ്‌സിങും ബി.എസ്‌സി. നഴ്‌സിങ്ങും കഴിഞ്ഞവർക്ക് ജോലി നൽകുന്ന പദ്ധതിയാണ് മാലാഖക്കൂട്ടം.

വൃക്കരോഗികൾക്കുള്ള സഹായപദ്ധതിയായ ജീവനത്തെക്കുറിച്ചും ആശങ്ക വേണ്ടെന്ന് പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു. ഗ്രാമപ്പഞ്ചായത്തും പൊതുജന സംഭാവനകളും എല്ലാം ചേർന്നുള്ള പദ്ധതിയാണിത്. കൂടുതൽപേരെ അംഗത്വത്തിലേക്ക് കൊണ്ടുവരിക, ചാരിറ്റി ബോക്സ് കൂടുതൽ വ്യാപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ എല്ലാ അംഗങ്ങളും കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രവണസഹായിയും ഗ്ലൂക്കോമീറ്ററും നൽകും

: വയോജനങ്ങൾക്കുള്ള ശ്രവണസഹായി-ഗ്ളൂക്കോമീറ്റർ വിതരണത്തിന് നടപടിയായതായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം അറിയിച്ചു. ഒരു ഡിവിഷനിൽ അഞ്ച് ശ്രവണസഹായിയാകും നൽകുക. ശ്രവണസഹായിയും അഞ്ചെണ്ണമാണ് ഉദ്ദേശിക്കുന്നത്. എട്ടെണ്ണെംവരെ കൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.എൽ.എ. വഴി 70 ലക്ഷം ജില്ലാപഞ്ചായത്ത്‌ അംഗത്തിന്റെ 20 ലക്ഷം അടുത്ത റീച്ചിന്

: റോഡുനിർമാണത്തിന് ജില്ലാപഞ്ചായത്ത്‌ അംഗം 20 ലക്ഷം അനുവദിപ്പിച്ചു. സാങ്കേതികാനുമതിവാങ്ങി ടെൻഡർവിളിച്ച് റോഡുപണി തുടങ്ങാറായപ്പോൾ എം.എൽ.എ. തുറമുഖവകുപ്പിന്റെ ഫണ്ടിൽനിന്ന്‌ ഇതേ പണിക്ക് 70 ലക്ഷം അനുവദിപ്പിച്ചു. ചവറ ഡിവഷനിലെ തൈക്കാവ്-ബാലവാടി ജങ്‌ഷൻ റോഡുപണിക്കാണീ അനുഗ്രഹവർഷം.

സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതുകൊണ്ട് 20 ലക്ഷത്തിന്റെ ജോലി ഒഴിവാക്കിക്കൊടുക്കണമെന്നു കാണിച്ച് എം.എൽ.എ. ജില്ലാപഞ്ചായത്തിന് കത്തുകൊടുക്കുകയും ചെയ്തു. എന്റെ 20 ലക്ഷം ഇൗ റോ‍ഡിന്റെ അടുത്ത റീച്ചിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന ജില്ലാപഞ്ചായത്ത്‌ അംഗം സുധീഷ്‌കുമാറിന്റെ അപേക്ഷ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംഗീകരിച്ചു.

20 ലക്ഷത്തെക്കാൾ വലുതാണ് 70 ലക്ഷം. റോഡ് നന്നാക്കുകയെന്ന ലക്ഷ്യമേയുള്ളൂ എന്നതുകൊണ്ട് ഇത് സ്വീകരിക്കുന്നു. പക്ഷേ, ജനപ്രതിനിധിയെന്നനിലയിൽ എം.എൽ.എ.യ്ക്ക് തന്നോടുകൂടി ഒരുവാക്ക് പറയാമായിരുന്നു എന്ന വിമർശനവും യോഗത്തിൽ സുധീഷ്‌കുമാർ ഉന്നയിച്ചു.