കൊട്ടാരക്കര :മണ്ഡലം വിഭജിച്ചും നേതാക്കളുടെ എണ്ണം കൂട്ടിയും പ്രവർത്തനം വിപുലമാക്കാൻ ബി.ജെ.പി. കൊട്ടാരക്കര മണ്ഡലം കൊട്ടാരക്കര, നെടുവത്തൂർ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. ബി.ജെ.പി. സംസ്ഥാന, ജില്ലാ സമിതികളിലെ പുനഃസംഘടന താഴേത്തട്ടിലേക്ക്‌ വരുന്നതിന്റെ ഭാഗമായാണ് മണ്ഡലം വിഭജനമെന്നു നേതാക്കൾ പറയുന്നു.

മണ്ഡലം പ്രസിഡന്റായിരുന്ന വയയ്ക്കൽ സോമൻ ജില്ലാ ജനറൽ സെക്രട്ടറിയും മണ്ഡലം ജന. സെക്രട്ടറിയായിരുന്ന കെ.ആർ.രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയുമായി. കുളക്കട, നെടുവത്തൂർ, എഴുകോൺ, കരീപ്ര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നെടുവത്തൂർ മണ്ഡലം. മൈലം, കൊട്ടാരക്കര, വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നത് കൊട്ടാരക്കര മണ്ഡലവും.

നെടുവത്തൂർ മണ്ഡലം പ്രസിഡന്റായി ജന.സെക്രട്ടറി പി.എസ്.ഷാലുവിനെ കോർ കമ്മിറ്റി യോഗം തിരഞ്ഞെടുത്തതായി അറിയുന്നു. ഔദ്യോഗികപ്രഖ്യാപനമുണ്ടായിട്ടില്ല. 45 വയസ്സാണ് മണ്ഡലം പ്രസിഡന്റിന് പ്രായപരിധി. കൊട്ടാരക്കര മണ്ഡലം പ്രസിഡന്റിനെ നിശ്ചയിക്കുന്നതിൽ തർക്കമുയർന്നതിനാൽ അന്തിമതീരുമാനമായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വോട്ടുചോർച്ചയുടെ ക്ഷീണം മറികടക്കാൻ ബൂത്തുതലംവരെ അഴിച്ചുപണി നിർദേശിച്ചിരിക്കുകയാണ് നേതൃത്വം. രണ്ടു മണ്ഡലം കമ്മിറ്റികൾ നിലവിൽ വരുന്നതോടെ 13 നേതാക്കൾക്കുകൂടി ഭാരവാഹിത്വം ലഭിക്കും. .

വരുന്ന ഒരാഴ്ച ബൂത്തു കമ്മിറ്റികളുടെ പുനഃസംഘടന നടത്താനാണ് നിർദേശം. പഞ്ചായത്ത് സമിതികളിലും മാറ്റങ്ങളുണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. 2016-ലെ പ്രകടനംപോലും നടത്താൻ പാർട്ടിക്കു കഴിയാതിരുന്നത് വലിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു.