കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയായശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. നഗരസഭ പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും പോരാട്ടം ശക്തമാക്കുകയാണ്. ഇരുമുന്നണികൾക്കും ബദലായി നഗരസഭാ ഭരണനേതൃത്വംതന്നെയാണ് എൻ.ഡി.എ.യും ലക്ഷ്യമിടുന്നത്.
2010-ലാണ് കരുനാഗപ്പള്ളി നഗരസഭയായി ഉയർന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിച്ചു. 35 ഡിവിഷനുകളുള്ള നഗരസഭയിൽ യു.ഡി.എഫിന് 21 സീറ്റും എൽ.ഡി.എഫിന് 14 സീറ്റുമാണ് ലഭിച്ചത്. പിന്നീട്, 18-ാം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.വിജയിച്ചു. അതോടെ യു.ഡി.എഫ്-22, എൽ.ഡി.എഫ്-13 എന്നിങ്ങനെയായി കക്ഷിനില. കോൺഗ്രസിലെ എം.അൻസാർ നഗരസഭയുടെ പ്രഥമാധ്യക്ഷനായി. നാലുവർഷത്തിനുശേഷം യു.ഡി.എഫിലെ ധാരണപ്രകാരം എം.അൻസാർ രാജിവയ്ക്കുകയും എച്ച്.സലിം നഗരസഭാധ്യക്ഷനാകുകയും ചെയ്തു.
2015-ലെ തിരഞ്ഞെടുപ്പിൽ ചിത്രം മാറിമറിഞ്ഞു. എൽ.ഡി.എഫിന് 18 സീറ്റും യു.ഡി.എഫിന് 15 സീറ്റും ലഭിച്ചു. ബി.ജെ.പി.യും സ്വതന്ത്രനും ഓരോ സീറ്റിൽ വിജയിച്ചു. സി.പി.എമ്മിലെ എം.ശോഭന നഗരസഭാധ്യക്ഷയായി. എൽ.ഡി.എഫിലെ ധാരണയനുസരിച്ച് അവസാന ഒരുവർഷം സി.പി.ഐ.യിലെ ഇ.സീനത്ത് ബഷീർ നഗരസഭാധ്യക്ഷയായി.
ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ്.
നഗരസഭാ ഭരണം തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫ്.ലക്ഷ്യം. എൽ.ഡി.എഫ്. ഭരണസമിതിയുടെ പോരായ്മകളാണ് യു.ഡി.എഫ്. പ്രധാനമായും പ്രചാരണായുധമാക്കുന്നത്. ആദ്യ യു.ഡി.എഫ്. ഭരണസമിതി തുടങ്ങിവെച്ച പല വികസനപദ്ധതികളും പൂർണതയിലെത്തിക്കാൻ എൽ.ഡി.എഫ്.നേതൃത്വം നൽകിയ ഭരണസമിതിക്ക് കഴിഞ്ഞില്ലെന്ന് അവർ ആരോപിക്കുന്നു. പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് പ്രചാരണം ശക്തമാക്കുകയാണ് യു.ഡി.എഫ്. 29 സീറ്റിൽ കോൺഗ്രസും ആർ.എസ്.പി.യും മുസ്‌ലിം ലീഗും മൂന്നുവീതം സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫ്.
ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് എൽ.ഡി.എഫിന്റെ പ്രചാരണം. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ വികസനപദ്ധതികളാണ് അവർ പ്രചാരണായുധമാക്കുന്നത്. ഓരോ വികസനപദ്ധതിയും അവർ വോട്ടർമാരുടെ മുന്നിൽ വിശദീകരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും അവർ പ്രചാരണവിഷയമാക്കുന്നു. വികസനത്തുടർച്ചയ്ക്കാണ് എൽ.ഡി.എഫ്. അംഗങ്ങൾ വോട്ടുചോദിക്കുന്നത്. 22 വാർഡുകളിൽ സി.പി.എമ്മും 11 വാർഡുകളിൽ സി.പി.ഐ.യുമാണ് മത്സരിക്കുന്നത്. ലോക്‌താന്ത്രിക് ജനതാദൾ, ജനതാദൾ (എസ്) എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു.
ബദലാകാൻ എൻ.ഡി.എ.
എൽ.ഡി.എഫിനും യു.ഡി.എഫിനും ബദലായി ഭരണസാരഥ്യമാണ് എൻ.ഡി.എ. ലക്ഷ്യമിടുന്നത്. ഏറെ വികസനസാധ്യതകളുള്ള നഗരത്തിൽ ആവശ്യമായ വികസനം കൊണ്ടുവരാൻ ഇരുമുന്നണികൾക്കും സാധിച്ചിട്ടില്ലെന്ന് എൻ.ഡി.എ. ആരോപിക്കുന്നു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കേന്ദ്രസർക്കാരിന്റെ ഭരണനേട്ടവുമെല്ലാം അവർ പ്രചാരണായുധമാക്കുന്നു. കഴിഞ്ഞ നഗരസഭയിൽ എൻ.ഡി.എ.യ്ക്ക് ഒരുസീറ്റ് ലഭിച്ചിരുന്നു. ചില വാർഡുകളിൽ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തു. 29 സീറ്റിലാണ് ബി.ജെ.പി.മത്സരിക്കുന്നത്. രണ്ടുസീറ്റിൽ ബി.ഡി.ജെ.എസും ഒരുസീറ്റിൽ ഡി.എൽ.പി.യും മത്സരിക്കുന്നു.ആകെ സ്ഥാനാർഥികൾ-112
- പുരുഷന്മാർ-63
- സ്ത്രീകൾ-49