ചാത്തന്നൂർ :പാരിപ്പള്ളി ശ്രീരാമപുരത്തെ വർക്ക് ഷോപ്പിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന മൂന്നുപേരെ പോലീസ് പിടികൂടി. മൈലാപ്പൂര് ഷംനാദ് മൻസിലിൽ സിയാദിന്റ മകൻ ഷംനാദ്, കാരംകോട് തട്ടാരുകോണം വടക്കേവീട്ടിൽ മഹേന്ദ്രന്റെ മകൻ സുബിൻ (18), പ്രായപൂർത്തിയാകാത്തയൊരാൾ എന്നിവരെയാണ് കൊട്ടിയം പോലീസ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വർക്ക് ഷോപ്പിൽനിന്ന് ബൈക്ക് മോഷണം പോയത്. ഉച്ചയ്ക്ക് കണ്ണനല്ലൂർ മൈലക്കാട് റോഡിൽവച്ച് ബന്ധുവീട്ടിൽ പോയി കാറിൽ മടങ്ങിവരവേ വർക്ക് ഷോപ്പ് ഉടമ എതിർദിശയിൽ മൂന്നുപേർ ഈ ബൈക്കിൽ പോകുന്നത് കാണുകയും കൊട്ടിയം പോലീസിനെ അറിയിക്കുകയും ചെയ്തു. ബൈക്കിന്റെ പിറകെപോയ വർക്ക് ഷോപ്പ് ഉടമ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്തുടർന്നു.
തഴുത്തല കുരിശടിക്ക് സമീപം നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാക്കളെ പിടികൂടി. പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ മൂന്നുപേരെയും ഓടിച്ചിട്ട് സാഹസികമായി പിടിക്കുകയായിരുന്നു. മോഷ്ടാക്കളെയും മോഷ്ടിച്ചെടുത്ത ബൈക്കും പാരിപ്പള്ളി പോലീസിന് കൈമാറി.
കഴിഞ്ഞ രണ്ടാംതീയതിയും ഇവിടെനിന്ന് പരവൂർ സ്വദേശിയുടെ ബൈക്ക് മോഷണംപോയിരുന്നു. അതിൻമേലുള്ള അന്വേഷണം നടന്നുവരികെയാണ് ഞായറാഴ്ച രാവിലെ വീണ്ടും ബൈക്ക്മോഷണം നടന്നത്.
വർക്ക് ഷോപ്പിൽ കടന്ന് പിന്നിൽവച്ചിരിക്കുന്ന ബൈക്കിന്റെ പൂട്ട് തകർത്താണ് കടത്തിക്കൊണ്ടുപോയത്. എസ്.ഐ.മാരായ സുജിതനായർ, പ്രവീൺ, എ.എസ്.ഐ.മാരായ ശശിധരൻ പിള്ള, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.