ആലപ്പാട് : പെട്രോളിയം ഉത്‌പന്നങ്ങളുടെ അടിക്കടിയുള്ള വിലവർധനയും റോഡ് സെസും നൽകേണ്ടിവരുന്നതും മീൻപിടിത്ത ബോട്ടുകാരെ കൂടുതൽ പ്രതിസന്ധിയിലാക്കി. മീൻപിടിത്തം നഷ്ടമായതോടെ ഭൂരിഭാഗം ബോട്ടുകളും കടലിലിറക്കുന്നില്ല. വായ്പ, പലിശ എന്നിവ തിരച്ചടയ്ക്കാനാകാതെ ജപ്തിനടപടികളിൽനിന്നു രക്ഷനേടാൻ ബോട്ട് നടത്തിപ്പുകാർ കിടപ്പാടം വിൽക്കേണ്ട അവസ്ഥയാണ്.

പലരും മത്സ്യക്കച്ചവടത്തിൽനിന്നു പിൻവാങ്ങി. ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഉപയോഗിച്ചാണ് യന്ത്രവത്‌കൃതയാനങ്ങൾ കടലിൽ പോകുന്നത്. മീൻപിടിത്തം കഴിഞ്ഞു മടങ്ങിയെത്താൻ കുറഞ്ഞത് അഞ്ചു ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തേക്ക്‌ മൂവായിരം ലിറ്റർ ഡീസൽ വേണം. ഇന്നത്തെ വില വെച്ചുനോക്കുമ്പോൾ ഡീസലിന്‌ 2,70,000 രൂപ വേണം. തൊഴിലാളികളുടെ ബാറ്റ, ഐസിന്റെ വില, പാചകച്ചെലവ്‌, റേഷൻ എന്നിവയ്ക്കെല്ലാംകൂടി 50,000.

ഏതാണ്ട് മൂന്നേകാൽലക്ഷം രൂപയാണ് ഒരു ബോട്ട്‌ അഞ്ചു ദിവസം കടലിൽപ്പോയി തിരിച്ചുവരുമ്പോൾ ചെലവാകുന്നത്. ഒരു മാസമായി ക്യാച്ചിങ്ങിലൂടെ ബോട്ടിനു ലഭിക്കുന്നത് രണ്ടുലക്ഷം രൂപയിൽ താഴെയാണ്.

ഒന്നരലക്ഷത്തോളം രൂപയാണ് ഒരുടേൺ പോയിവരുമ്പോഴുള്ള നഷ്ടം. അതിനാൽ 90 ശതമാനം ബോട്ടുകളും മീൻപിടിത്തം നിർത്തിവെച്ചിരിക്കുകയാണ്. അഞ്ചും പത്തും ആളുകൾ ചേർന്ന് വായ്പയെടുത്താണ് ബോട്ടുകളേറെയും കടലിലിറക്കുന്നത്.

സർക്കാർ അടിയന്തരനടപടി സ്വീകരിക്കണം

:മത്സ്യക്കയറ്റുമതിയിലൂടെ 6,000 കോടിയോളം രൂപയാണ് കേരളത്തിനു ലഭിക്കുന്നത്. മത്സ്യമേഖലയെ പ്രതിസന്ധിയിൽനിന്നൊഴിവാക്കാൻ സർക്കാരിന്റെ അടിയന്തരനടപടികൾ വേണം. മത്സ്യലഭ്യതക്കുറവും ഇന്ധനച്ചെലവും താങ്ങാനാകുന്നില്ല. ബോട്ടിൽ പോകുന്ന തൊഴിലാളികളും പട്ടിണി നേരിടുകയാണ്.

-ഗിരീഷ് പുത്തൻപറമ്പിൽ