കുളത്തൂപ്പുഴ : തിരുവനന്തപുരം-ചെങ്കോട്ട അന്തസ്സംസ്ഥാന പാതയിൽ മലയോര ഹൈവേയുടെ ഓരത്തായി അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. മടത്തറമുതൽ തെന്മലവരെ ഇത്തരത്തിൽ അനേകം മരങ്ങളാണ് 11കെ.വി.വൈദ്യുത കമ്പികൾക്കുമുകളിലൂടെ പടർന്നുപന്തലിച്ച്‌ അപകടാവസ്ഥയിലുള്ളത്.

കഴിഞ്ഞദിവസവും ഡാലി കണ്ടൻചിറയ്ക്കുസമീപം മരച്ചില്ല ഒടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. സംഭവസമയത്ത്‌ വാഹനങ്ങൾ കടന്നുവരാതിരുന്നതിനാൽ അപകടമൊഴിവായി. പലപ്പോഴും മരം കടപുഴകി മണിക്കൂറുകളോളമാണ് ഗതഗതം നിലയ്ക്കുന്നത്. വൈദ്യുതിവിതരണം തടസ്സപ്പെടുന്നതും പതിവാണ്‌.

പൊതുമരാമത്തിന്‍റെ അധീനതയിലുള്ള ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെങ്കിൽ സാമൂഹിക വനവത്കരണ വിഭാഗത്തിന്‍റെ അനുമതിവേണം. പാഴ്‌മരങ്ങൾക്കുപോലും ഇവർ നിശ്ചയിക്കുന്ന ഭീമമായ തുകയ്ക്ക്‌ കരാറെടുക്കാൻ ആളെ കിട്ടാത്തതാണ് പലപ്പോഴും മരം മുറിച്ചുനീക്കുന്നതിന്‌ തടസ്സം.

അപകടാവസ്ഥയിലായ മരങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കുളത്തൂപ്പുഴ കണ്ടൻചിറയിൽ ഷാനവാസ് കളക്ടർക്ക് പാരാതി നൽകിയതിനെത്തുടർന്ന് നടപടികൾ ആരംഭിച്ചെങ്കിലും വിലനിർണയത്തിലെ അപാകം കാരണം മുടങ്ങുകയായിരുന്നു.