ശാസ്താംകോട്ട : റോഡുവികസനത്തിന്റെ ഭാഗമായി ഡിവൈഡറുകൾ പൊളിച്ചതോടെ ശാസ്താംകോട്ട ജങ്ഷനിൽ റോഡ്‌ കുറുകേ കടക്കുന്നത് ദുഷ്കരമായി. ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡിലാണ് ഡിവൈഡറില്ലാത്തത് അപകടത്തിനിടയാക്കുന്നത്. അടുത്തകാലത്ത് ട്രാഫിക് ഐലൻഡ് മുതൽ പടിഞ്ഞാറോട്ട് നാലുവരിപ്പാതയ്ക്കു സമാനമായി വീതികൂട്ടി. എന്നാൽ, യാത്രക്കാർക്ക് സുരക്ഷിതമായി റോഡ്‌ കുറുകേ കടക്കുന്നതിനു വേണ്ട ഒരുസംവിധാനവും ചെയ്തിട്ടില്ല.

വിശാലമായ റോഡിൽ ആകെയുള്ളത് പോലീസ് വെച്ച രണ്ടു കോണുകൾ മാത്രം. കാൽനടയാത്രികർ റോഡ്‌ കുറുകേകടക്കുന്നത് അപകടങ്ങൾക്കും കാരണമായി. അന്തസ്സംസ്ഥാനപാതയുടെ ഭാഗമായതിനാൽ സദാ തിരക്കാണ്. കൂടാതെ താലൂക്ക് ആസ്ഥാനവുമാണ്.

കോളേജ്, സ്കൂൾ, താലൂക്ക് ആശുപത്രി, കോടതി, പോലീസ് സ്റ്റേഷൻ തുടങ്ങി പ്രധാന സ്ഥാപനങ്ങളെല്ലാം ഇവിടെയാണ്. പ്രസിദ്ധമായ ശാസ്താക്ഷേത്രവുമുണ്ട്. അതിനാൽ കാൽനടയാത്രികരുടെ തിരക്കും കൂടുതലാണ്.

സ്കൂളും കോളേജും തുറക്കുന്നതോടെ തിരക്കേറും. താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ച് അപകടമൊഴിവാക്കുന്നതിന് പൊതുമരാമത്തുവകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ശാസ്താംകോട്ട യുണൈറ്റഡ് റെസിഡൻറ്‌സ്‌ വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.