ലോക്ഡൗൺ കീറിയെറിഞ്ഞ ജീവിതത്തെ എങ്ങനെ തുന്നിച്ചേർക്കണമെന്നറിയാതെ വിഷമിക്കുകയാണ് തയ്യൽത്തൊഴിലാളികൾ. മൂന്നുമാസമായി നിശ്ചലമാണ് ഈ തൊഴിൽമേഖല. ജില്ലയിൽമാത്രം രണ്ടുലക്ഷത്തോളം പേരാണ് തയ്യൽമേഖലയിൽ ജോലിചെയ്യുന്നത്. പതിനായിരത്തോളം തയ്യൽക്കടകളാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിലും ഗാർമെൻറ്സ് യൂണിറ്റുകളിലും വീടുകളിലുമായി തുന്നൽപ്പണി ചെയ്യുന്നവരാണ് ഭൂരിഭാഗവും. തയ്യൽ ജോലികൾ നിലച്ചതോടെ ഭൂരിഭാഗവും പട്ടിണിയിലായി. നിത്യവൃത്തിക്കായി തയ്യൽ മെഷീൻ ചവിട്ടിയിരുന്ന വനിതകളടക്കമുള്ളവർക്ക് താങ്ങാവുന്നതിലധികമായി ഈ ദുരിതകാലം. സ്കൂൾ തുറക്കലും വിവിധ ആഘോഷ കാലങ്ങളുമൊക്കെ വരുമാനം നേടിത്തരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ദുരിതപ്പൂട്ട് വീഴുന്നത്. ഉത്സവകാലം, കല്യാണം, മറ്റ് ആഘോഷങ്ങൾ, എല്ലാം മുടങ്ങിയതോടെ നിലച്ചുപോയി തയ്യൽ മെഷീന്റെ താളം. ദൈനംദിന ചെലവുകൾക്കൊപ്പം ബാങ്ക് ലോണും ചിട്ടിയടക്കമുള്ള കാര്യങ്ങളും മുടങ്ങി. ലോക്ഡൗൺ ഇളവുകൾ വന്നതോടെ സൂചിയിൽ പ്രതീക്ഷയുടെ നൂലുകോർത്തെങ്കിലും എല്ലാം വൃഥാവിലായി. തുന്നൽ ജോലിക്കായി ആരുമെത്താത്ത സ്ഥിതിയാണ് ഇപ്പോൾ. അളവെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ സമ്പർക്കമുണ്ടാകുമെന്നതും പലരെയും പിന്നോട്ട് വലിക്കുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ കാര്യങ്ങൾ അത്ര ശുഭമാകില്ലെന്ന് തൊഴിലാളികൾ പറയുന്നു. സ്ഥാപനങ്ങളുടെ വാടകയും വൈദ്യുതി ബില്ലും അടക്കമുള്ളവ കീറാമുട്ടിയായി മുന്നിലുണ്ട്. ക്ഷേമനിധി ബോർഡ് മുഖേന സർക്കാർ ആശ്വാസധനമായി 1,000 രൂപ പ്രഖ്യാപിച്ചെങ്കിലും മുപ്പതുശതമാനം പേർക്കുമാത്രമാണ് ഇതുവരെ കിട്ടിയത്.
കോവിഡ് കാരണം തകർന്ന ഏറ്റവും വലിയ തൊഴിൽമേഖല
:മുപ്പത്തഞ്ചുവർഷത്തെ തയ്യൽ ജീവിതത്തിനിടെ ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാണ്. ഉത്സവം, കല്യാണങ്ങൾ അടക്കമുള്ള വിശേഷാവസരങ്ങൾ, മാർച്ച്മുതൽ ഓഗസ്റ്റ്‌വരെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യൂണിഫോം അടക്കമുള്ള തയ്യൽ. എല്ലാം നഷ്ടമായി. കടയിലെ പത്തോളം തയ്യൽക്കാരുടെയും ജീവിതവും കഷ്ടപ്പാടിലാണ്. ഏപ്രിൽ 27-ന് കട തുറന്നെങ്കിലും ഇന്നുവരെയും ഒരാളുപോലും എത്തിയില്ല.
ജെ.ജയകുമാർ
ലിവൈസ് സ്റ്റിച്ച്, കൊട്ടിയം