കൊല്ലം : താലൂക്ക്‌ കച്ചേരി ജങ്‌ഷനിലെ കാരുണ്യ ഫാർമസി ആൻഡ്‌ സർജിക്കൽസിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കത്തിനശിച്ചു. 95 ലക്ഷം രൂപ വിലവരുന്ന ചക്രക്കസേരകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ്‌ നശിച്ചത്‌.

പുലർച്ചെ രണ്ടരയോടെ സ്ഥാപനത്തിനു തൊട്ടടുത്തുള്ള കെട്ടിടത്തിൽ ഉറങ്ങുകയായിരുന്ന ചുമട്ടുതൊഴിലാളിയായ സോണിയാണ്‌ താഴത്തെനിലയിൽ തീപടരുന്നതു കണ്ടത്‌. ഉടൻതന്നെ അഗ്നിരക്ഷാസേനയെയും മെഡിക്കൽ സ്റ്റോർ ഉടമ മേടയിൽമുക്ക്‌ സ്വദേശി നൗഷാദിനെയും വിവരമറിയിച്ചു. കടപ്പാക്കട, ചാമക്കട, ഓച്ചിറ എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേനയുടെ അഞ്ച്‌ യൂണിറ്റുകൾ എത്തിയാണ്‌ തീയണച്ചത്‌. അടിയിലെ നിലയായതിനാലും മുറിക്കുള്ളിലേക്ക്‌ കടക്കാൻ കഴിയാത്തതിനാലും അഗ്നിരക്ഷാസേനാംഗങ്ങളും ഏറെ ബുദ്ധിമുട്ടി.

ഈസ്റ്റ്‌ പോലീസും സ്ഥലത്തെത്തി. ഫൊറൻസിക്‌ വിദഗ്‌ധർ സംഭവസ്ഥലത്തെത്തി തെളിവെടുത്തു.കഴിഞ്ഞദിവസം കടയിലെത്തിയ ചിലർ ഭീഷണി മുഴക്കിയതായി കടയുടമ പോലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഈസ്റ്റ്‌ പോലീസ്‌ അന്വേഷണം തുടങ്ങി.