ചാത്തന്നൂർ :ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം സി.പി.എം. പാർട്ടി ഓഫീസിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗം. ആസൂത്രണസമിതിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന്റെ വാദം അസംബന്ധമാണ്. യു.ഡി.എഫിന് രണ്ട് അംഗങ്ങളെ മാത്രമെ അനുവദിക്കൂ എന്ന എൽ.ഡി.എഫിന്റെ കടുംപിടിത്തമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഭൂരിപക്ഷമില്ലാത്ത എൽ.ഡി.എഫ്. കുതിരക്കച്ചവടത്തിലൂടെ സ്വതന്ത്രനെ കൂട്ടുപിടിച്ചാണ് ഭരണം നടത്തുന്നത്. ആസൂത്രണം എന്തെന്നറിയാത്തവരെ കുത്തിനിറച്ച് ചിറക്കര ഗ്രാമപ്പഞ്ചായത്തിന്റെ വികസനം അട്ടിമറിക്കാനുള്ള സി.പി.എം. പാർട്ടി ഓഫീസിന്റെ നടപടി വിലപ്പോകില്ലെന്നും യോഗം പറഞ്ഞു. പാർലമെന്ററി പാർട്ടി ലീഡർ കെ.സുജയ്‌കുമാർ അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ദിലീപ് ഹരിദാസൻ, ജയകുമാർ, സുബി പരമേശ്വരൻ, സുരേന്ദ്രൻ, മേരി റോസ് എന്നിവർ സംസാരിച്ചു.