കൊല്ലം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുജനങ്ങൾ ഒത്തുകൂടുന്നത് രോഗവ്യാപനസാധ്യത കൂട്ടുന്നു. രാഷ്‌ട്രീയപ്പാർട്ടികളുടെ ധർണകളും സമരങ്ങളും ശക്തിപ്രകടനവും ആഘോഷങ്ങളിലെ ആൾത്തിരക്കും നിയന്ത്രിക്കാൻ പോലീസും ആരോഗ്യവകുപ്പും മടിക്കുന്ന സ്ഥിതിയുമുണ്ട്.
നിയന്ത്രണങ്ങൾ അയഞ്ഞതോടെ സർക്കാർ ഓഫീസുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വൻ ജനത്തിരക്കുതന്നെയാണിപ്പോൾ. തദ്ദേശതിരഞ്ഞെടുപ്പുകാലത്ത് ഭയന്നിരുന്ന രോഗവ്യാപനം പ്രതിദിന കണക്കുകളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പും സമ്മതിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയവരിൽ പലരും ഇപ്പോൾ രോഗബാധിതരാണ്. വിജയികൾ പി.പി.ഇ.കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യേണ്ട സ്ഥിതിയുമുണ്ടായി.
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളും രോഗവ്യാപനസാധ്യത കൂട്ടിയതായി അധികൃതർ പറയുന്നു.
കോവിഡ് രോഗികളുടെ വർധന തടയുന്നതിന് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാൻ കളക്ടർ നിർദേശം നൽകിയിരുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും തിരക്ക് വർധിച്ചതിന്റെ പശ്ചാത്തലത്തിൽ നേരത്തേ നൽകിയ ഇളവുകൾ പുനഃപരിശോധിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ നടപടികളൊന്നുമുണ്ടായില്ല.
ധർണ, ശക്തിപ്രകടനം
: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ശക്തിപ്രകടനങ്ങളാണ് ജില്ലാ ആസ്ഥാനത്ത് നടക്കുന്നത്. ധർണകൾക്കും സമരങ്ങൾക്കും നഗരത്തിൽ കുറവൊന്നുമില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട പോലീസും നിസ്സംഗരാണ്. ധർണകളിലും സമരങ്ങളിലും പങ്കെടുക്കുന്ന കണ്ടാലറിയാവുന്ന 'ചിലർക്കെതിരേ' കേസെടുക്കാറുണ്ടെന്നാണ് പോലീസ് ഇതുസംബന്ധിച്ച് നൽകുന്ന വിശദീകരണം.
പോലീസിന് കർശന നിർദേശം-കളക്ടർ
:അനധികൃതമായി പരിപാടികൾ സംഘടിപ്പിക്കുന്നവരുടെ പേരിൽ നടപടിയെടുക്കണമെന്ന് പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ ബി.അബ്‌ദുൾ നാസർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്ന കാര്യം അടിയന്തരമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.