കൊട്ടിയം :തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതികളെല്ലാം പാളിയതോടെ തൃക്കോവിൽവട്ടം പഞ്ചായത്തിലെ പൊതു ഇടങ്ങളെല്ലാം തെരുവുനായ്ക്കൾ കൈയടക്കി. ജനത്തിന് വഴിനടക്കാനാകാത്ത അവസ്ഥയാണ്. രണ്ടു മാസത്തിനുള്ളിൽ തെരുവുനായ്ക്കൾ കാരണം രണ്ടുപേരാണ് റോഡപകടത്തിൽ മരിച്ചത്.
ചെറിയേല വടവാമന മഠത്തിൽ അരവിന്ദ് (18), നായ് കുറുകേചാടിയപ്പോൾ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഉണ്ണി ഭവനിൽ സിന്ധു എന്നിവരാണ് മരിച്ചത്. നിർധനകുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച അരവിന്ദ്. സന്ധ്യമയങ്ങുന്നതോടെ നായ്ക്കളെല്ലാം റോഡുകളിൽ നിറയും. കവലകൾ തോറും പട്ടിക്കൂട്ടങ്ങൾ തമ്പടിക്കുകയാണ്. ബൈക്ക് യാത്രികർ ജീവൻ പണയംെവച്ചുവേണം രാത്രിയാത്ര ചെയ്യാൻ. തെരുവുവിളക്കുകൾ കത്താത്തതിനാൽ നായ്ക്കളെ കാണാനും കഴിയില്ല.
പോരടിക്കുന്ന ഇവറ്റകൾ റോഡിലേക്ക് ചാടുമ്പോൾ വണ്ടിയിലിടിച്ചാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ഓട്ടോറിക്ഷകളും ഇത്തരം അപകടത്തിൽപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾക്കുനേരേ കുരച്ചുചാടുന്ന നായ് അപകടങ്ങൾക്കിടയാക്കുന്നു.
അറവുമാടുകളുടെ മാംസാവശിഷ്ടങ്ങളും കോഴിവേസ്റ്റ് അടക്കമുള്ള മാലിന്യങ്ങളും റോഡിൽ തള്ളുന്നത് നിർബാധം തുടരുന്നു. ഇതും നായ്ക്കളുടെ വർധനയ്ക്ക് കാരണമാെണന്ന് പ്രദേശവാസികൾ പറയുന്നു. ജനകീയാസൂത്രണപദ്ധതികളിൽ നായ്ക്കളുടെ പ്രജനന നിയന്ത്രണപദ്ധതി ഇടംപിടിക്കുമെങ്കിലും നടക്കാറില്ല
നിയമം നായ്ക്കൾക്ക് അനുകൂലം
ഇതൊരു സാമൂഹികവിപത്തായി മാറി. പലർക്കും ജീവൻ നഷ്ടമായിട്ടും നിയമസംരക്ഷണം നായ്ക്കൾക്കാണ്. രാജ്യത്തിന്റെ നിയമവ്യവസ്ഥ കാരണം സംസ്ഥാനത്തിനോ ത്രിതല പഞ്ചായത്തുകൾക്കോ മതിയായ നടപടികളെടുക്കാനുമാകില്ല. എന്നാലും മുഖത്തല ബ്ലോക്ക് പഞ്ചായത്തും ഗ്രാമ-ജില്ല പഞ്ചായത്തും ചേർന്ന് ചെയ്യാനാകുന്ന പദ്ധതികൾ നടപ്പാക്കും.
എം.സജീവ്,
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
സ്ഥലം ലഭിക്കുന്നില്ല
അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രം നടപ്പാക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാത്തതാണ് തടസ്സം. നായ്ക്കളെ പിടികൂടിയാലും ശസ്ത്രക്രിയനടത്തുന്നതിനും അതിനുശേഷം അഞ്ചാറ് ദിവസം സംരക്ഷണം നൽകുന്നതിനും മതിയായ സ്ഥലം ആവശ്യമാണ്. നാട്ടുകാരുടെ എതിർപ്പ് കാരണം പലപ്പോഴും സ്ഥലം കിട്ടുന്നില്ല. 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലും എ.ബി.സി. പ്രോഗ്രാം ഉൾപ്പെടുത്തിയിട്ടുണ്ട്.
ജലജകുമാരി,
പ്രസിഡന്റ്, തൃക്കോവിൽവട്ടം പഞ്ചായത്ത്.
അധികൃതർക്ക് നടപടികളൊന്നുമില്ല
തെരുവുനായ്ക്കൾ പൊതു ഇടങ്ങളെല്ലാം കൈയടക്കിയിട്ടും പഞ്ചായത്തിനും സർക്കാരിനും നടപടികളൊന്നുമില്ല. അടിയന്തര പ്രാധാന്യത്തോടെയുള്ള നടപടികളാണാവശ്യം. റോഡുകൾ കൂടാതെ ആശുപത്രികൾ, മാർക്കറ്റ്, വയലേലകൾ അടക്കം നായ്ക്കൾ കൈയടക്കി. രാത്രി പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. പ്രഭാതസവാരിക്കിറങ്ങുന്നവരും വലിയ ഭീഷണിയാണ് നേരിടുന്നത്.
ബിനി തോമസ്,
പഞ്ചായത്ത് അംഗം, തൃക്കോവിൽവട്ടം