ഓയൂർ :വെളിയം പഞ്ചായത്ത് ആരൂക്കോണം വാർഡിലെ താന്നിമുക്ക് 125-ാം നമ്പർ അങ്കണവാടിക്ക് സ്ഥലമുണ്ടായിട്ടും കെട്ടിടം അനുവദിക്കുന്നില്ല.

ഇരുപതുവർഷത്തിലധികമായി വാടകക്കെട്ടിടങ്ങളിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. അങ്കണവാടിക്ക് സ്വന്തമായി മൂന്നു സെന്റ് സ്ഥലം ലഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതുവരെ കെട്ടിടം പണിയുന്നതിനുള്ള നടപടികളായിട്ടില്ല.

പഞ്ചായത്ത് എസ്റ്റിമേറ്റ് എടുക്കുന്നില്ല

കൊട്ടാരക്കര ശിശുവികസനസമിതി ഓഫീസർ താന്നിമുക്ക് അങ്കണവാടിക്കൊപ്പം മാരൂർ അങ്കണവാടിക്കും കെട്ടിടം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനാവശ്യപ്പെട്ട്‌ പഞ്ചായത്ത് എൻജിനീയറിങ്‌ വിഭാഗത്തിന് കത്ത് നൽകിയിരുന്നു.

ഒാരോ അങ്കണവാടിക്കും 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, താന്നിമുക്ക് അങ്കണവാടിയെ ഒഴിവാക്കിയാണ്‌ മാരൂർ അങ്കണവാടിക്കുള്ള എസ്റ്റിമേറ്റ് പഞ്ചായത്ത്‌ എ.ഇ. എടുത്തതെന്നും ആക്ഷേപമുണ്ട്.

അങ്കണവാടി പ്രവർത്തിക്കുന്നത് തൊഴുത്ത്‌ കെട്ടിടത്തിൽ

വീടിന്റെ കാലിത്തൊഴുത്തിനോടു ചേർന്നാണ് താന്നിമുക്ക് അങ്കണവാടിയുടെ പ്രവർത്തനം. തൊഴുത്തിന്റെ മുൻഭാഗത്ത് ഒരു മുറിയും വരാന്തയുമാണുള്ളത്.

വരാന്തയോടുചേർന്നുള്ള തൊഴുത്തുഭാഗം തുണികൊണ്ട് മറിച്ചിരിക്കുകയാണ്. തുണിയിൽ കുട്ടികളുടെ പഠനത്തിനാവശ്യമുള്ള സാമഗ്രികൾ ഒട്ടിച്ചിരിക്കുകയാണ്. തൊഴുത്തിൽ കന്നുകാലികളെ കെട്ടുന്നതിനാൽ പഠനസ്ഥലത്ത് ദുർഗന്ധവുമുണ്ട്.

എത്രയും പെട്ടെന്ന് അങ്കണവാടി നിർമിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത്‌ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.