വിഫലമായത്‌ പ്രവാസിയുടെ ആറുമാസത്തെ അധ്വാനം

അഞ്ചൽ : സമൂഹവിരുദ്ധർ പ്രവാസിയുടെ മത്സ്യക്കുളത്തിൽ വിഷംകലർത്തി. പനച്ചവിള കുമരഞ്ചിറ വീട്ടിൽ ആലേഷിന്റെ മത്സ്യക്കുളത്തിലാണ് വിഷംകലർത്തിയത്.

വിളവെടുക്കാൻ പാകമായ ആയിരത്തോളം മത്സ്യങ്ങൾ ചത്തുപൊങ്ങി. കോവിഡ് പ്രതിസന്ധിയിൽ ജീവിതം പച്ചപിടിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമമാണ്‌ ഇതോടെ വിഫലമായത്‌.

ആലേഷും അമ്മ മല്ലികയും ലോണെടുത്തും പലിശയ്ക്ക് വാങ്ങിയും മൂന്നുലക്ഷം രൂപ ചെലവഴിച്ചു നടത്തിയ മത്സ്യക്കൃഷിയാണ് നശിപ്പിച്ചത്.

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ്‌ ആലേഷ് മത്സ്യക്കൃഷി തുടങ്ങിയത്‌. ഫിഷറീസ് വകുപ്പിന്റെയും ഇടമുളയ്ക്കൽ ഗ്രാമപ്പഞ്ചായത്തിന്റെയും സഹായത്തോടെ സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്.

മല്ലിക കുടുംബശ്രീയിൽനിന്ന്‌ ഒരുലക്ഷം രൂപ ലോണെടുത്തുനൽകി. ബാക്കിതുക പലരിൽനിന്നായി കടം വാങ്ങിയാണ് പത്തുമാസംമുൻപ്‌ വീട്ടുമുറ്റത്തെ കുളത്തിൽ കൃഷി ആരംഭിച്ചത്. മത്സ്യം വിറ്റുകിട്ടുന്ന പണംകൊണ്ട് കടം വീട്ടാമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് സംഭവം.

നാട്ടിൽ ശത്രുക്കളില്ലെന്ന്‌ മല്ലികയും ആലേഷും പറഞ്ഞു. പത്തുമാസത്തെ പ്രയത്നവും കാത്തിരിപ്പും പ്രതീക്ഷയുമാണ് ഒറ്റരാത്രികൊണ്ട് ഇവർക്ക്‌ നഷ്ടമായത്‌.