കൊട്ടിയം : സമ്മാനം ലഭിച്ച ടിക്കറ്റെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജടിക്കറ്റ് നൽകി ലോട്ടറി വിൽപ്പനക്കാരിയായ വയോധികയിൽനിന്ന് പണവും ലോട്ടറി ടിക്കറ്റുകളും രണ്ടുപേർചേർന്ന് തട്ടിയെടുത്തു. കൊട്ടിയം ശ്മശാനത്തിനു സമീപം വഞ്ചിമുക്ക് കല്ലുവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഓമന(65)യാണ് തട്ടിപ്പിനിരയായത്. പപ്പടം വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇവർ ശാരീരിക അവശതകളെ തുടർന്നാണ് ലോട്ടറി വിൽപ്പന തുടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ സിത്താര മുക്കിലെ ഓഡിറ്റോറിയത്തിനു സമീപം ടിക്കറ്റ് വിൽക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടു യുവാക്കൾചേർന്ന് ഇവരെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റുകളും കവർന്നത്. സമ്മാനം ലഭിക്കാത്ത ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം ലഭിച്ച നമ്പരാക്കിയശേഷം ഓമനയ്ക്കു നൽകിയാണ് തട്ടിപ്പ് നടത്തിയത്. ലോട്ടറി ഫലവുമായി ഒത്തുനോക്കിയപ്പോൾ യുവാക്കൾ നൽകിയ ടിക്കറ്റിന് സമ്മാനം ലഭിച്ചതായി കണ്ട ഓമന കാരുണ്യ ടിക്കറ്റിന്റെ 61 പുതിയ ടിക്കറ്റുകളും ബമ്പർ നറുക്കെടുപ്പിന്റെ ഒരു ടിക്കറ്റും 2200 രൂപയും ഇവർക്ക് നൽകി.
യുവാക്കൾ നൽകിയ ടിക്കറ്റ് ഓമന പണമാക്കുന്നതിനായി കൊട്ടിയത്തെ ഏജൻസിയിൽ ഹാജരാക്കിയതോടെയാണ് തട്ടിപ്പ് മനസ്സിലായത്. പണവും ലോട്ടറി ടിക്കറ്റും നഷ്ടമായെന്നു മനസ്സിലാക്കിയ ഓമന കടയ്ക്കുമുന്നിൽ കുഴഞ്ഞുവീണു. ജീവിതമാർഗം മുട്ടിയ മനോവിഷമത്തിൽ അലറിക്കരഞ്ഞ ഓമനയെ നാട്ടുകാർ ചേർന്ന് ആശ്വസിപ്പിച്ചശേഷം കൊട്ടിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ഓമനയുടെ പരാതിയിൽ കേസെടുത്ത കൊട്ടിയം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.